Advertisement

നഗരസഭയിലെ ഒഴിവുകള്‍; കത്തയച്ചിട്ടില്ലെന്ന് മേയർ, കത്ത് കിട്ടിയിട്ടുമില്ലെന്ന് ജില്ലാ സെക്രട്ടറി

November 5, 2022
Google News 2 minutes Read
tvm Corporation issue Arya Rajendran Anavoor Nagappan

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്‍ സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മേയറും സിപിഐഎം ജില്ലാ സെക്രട്ടറിയും ​രം​ഗത്ത്. ആർക്കും കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനും പ്രതികരിച്ചു. ( tvm Corporation issue; Arya Rajendran Anavoor Nagappan with response ).

കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മേയർ പറയുന്നു. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

തന്റെ കയ്യിൽ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം.
ഇങ്ങനെ ഒരു കത്ത് പാർട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാർട്ടി ഗൗരവമായാണ് കാണുന്നത്. പാർട്ടിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭയില്‍ ഒഴിവുകള്‍ ഉള്ള കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നതില്‍ തെറ്റില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. എന്നാല്‍ നേതൃത്വം നല്‍കുന്ന പട്ടിക വെച്ചല്ല നിയമനം നടത്തുന്നത്. ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തില്‍ അല്ല നഗരസഭയില്‍ നിയമനങ്ങള്‍ നടക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍ മേയര്‍ കൂടിയായ വി കെ പ്രശാന്ത് പറഞ്ഞു.

ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചതാണ് വിവാദമായത്. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയര്‍ മുന്‍ഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത്.

ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയര്‍ ആനാവൂര്‍ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാര്‍മസിസ്റ്റ് മുതലായ തസ്‌കികകളിലേക്ക് ഉള്‍പ്പെടെയാണ് പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആവശ്യപ്പെട്ടത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് സിപിഐഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. കത്ത് വ്യാജമാണോയെന്ന് പരിശോധിച്ചാൽ മാത്രമേ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാനാവൂ.

Story Highlights: tvm Corporation issue; Arya Rajendran Anavoor Nagappan with response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here