Advertisement

ഒരു ​ഗവർണർക്ക് പകരം അഞ്ച് ചാന്‍സലര്‍മാര്‍; ഗവർണറെ തളയ്ക്കാൻ സർക്കാർ

November 9, 2022
Google News 2 minutes Read

ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ 14 സര്‍വകലാശകളുടെയും നാഥനായ ഗവര്‍ണര്‍ക്ക് പകരം അഞ്ച് ചാന്‍സലര്‍മാരെ നിയമിക്കുന്ന സുപ്രധാന ഓര്‍ഡിനന്‍സിനാണ് രൂപം നല്‍കുന്നത് ( Five Chancellors instead of one Governor ).

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കി പകരം വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കുക. അടിമുടി അഴിച്ചുപണി. ഓര്‍ഡിനന്‍സ് നടപ്പായാല്‍ കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയ്ക്ക് ഒറ്റ ചാന്‍സലറും കണ്ണൂർ, കാലിക്കറ്റ്, മലയാളം, സംസ്കൃത, മഹാത്മഗാന്ധി, കേരള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലക്ക് ഒറ്റ ചാൻസലറും ശ്രീനാരായണ ഓപ്പൺ സർവകാലാശാല, ആരോഗ്യസർവകലാശാല എന്നിവയ്ക്ക് ഒന്നു വീതം ചാന്‍സലര്‍മാരും ചുമതലയേല്‍ക്കും. ഒന്നിന് പകരം അഞ്ച് ചാന്‍സിലര്‍മാരെ നിയമിക്കുകയെന്നതാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്ക് ശേഷമേ പട്ടികയിൽ അന്തിമ തീരുമാനമാകൂ.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍വകലാശാലകളിലെ ഇടപെടലിന് ശാശ്വത പരിഹാരം കാണാനുള്ള സിപിഐഎം രാഷ്ട്രീയ നീക്കമാണ് ഈ തീരുമാനത്തിനു പിന്നിൽ. ഇതിന് സിപിഐഎം സംസ്ഥാന സമിതി പച്ചക്കൊടി കാട്ടിയതോടെയാണ് ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത്, കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

പുഞ്ചി കമ്മിഷൻ നിർദേശത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം നടത്തുന്നത്. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

തന്നെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കുമോ എന്നതാണ് ഇനിയുള്ള സസ്‌പെന്‍സ്. ​ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചില്ലെങ്കിൽ അത് ബില്ലായി പാസാക്കുന്നതിന് ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.

Story Highlights: Five Chancellors instead of one Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here