കത്ത് വിവാദം : മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ബിജെപിയും യുഡിഎഫും
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ബിജെപിയും യുഡിഎഫും. അതിനിടെ മേയറുടെ പരാതിയിൽ അന്വേഷണ സംഘം ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. മേയറുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ( udf bjp protest against arya rajendran )
കത്ത് വിവാദത്തിൽ അഞ്ചാം ദിവസവും മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം. നഗരസഭ കാര്യാലയത്തിനുള്ളിൽ അലയടിച്ചിരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നുമുതൽ നഗരസഭയക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കും.ജില്ലയിലുടനീളം ബിജെപി പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കും. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും.
യുഡിഎഫ് കൌൺസിലർമാരുടെ അനിശ്ചിതകാല സത്യാഗ്രഹം കോർപ്പറേഷന് മുന്നിൽ തുടരുകയാണ്. കത്ത് പുറത്ത് വന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി.മറ്റേതോ രേഖയിൽ നിന്ന് ഒപ്പ് സ്‌കാൻ ചെയ്തതെന്ന് സംശയമെന്നും മേയർ മൊഴി നൽകി.മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ സംഘം ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങാത്തത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽപാർട്ടി തല അന്വേഷണം നടത്തുമെന്ന് സി പി ഐ എം പ്രഖ്യാപിച്ചിട്ടും ഇതിനായി കമ്മീഷനെ ഇതുവരെ നിയമിച്ചിട്ടില്ല.
Story Highlights: udf bjp protest against arya rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here