ആലപ്പുഴ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച വാർഡ് മെമ്പർക്ക് ക്രൂര മർദനം

ആലപ്പുഴ മുതുകുളത്ത് വാർഡ് മെമ്പർക്ക് ക്രൂര മർദനം. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജിഎസ് ബൈജുവിനാണ് മർദനമേറ്റത്. ബിജെപി അംഗമായിരുന്ന ബൈജു പാർട്ടിയിൽ നിന്ന് രാജിവച്ചാണ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. മർദനത്തിൽ ബൈജുവിൻ്റെ കാലൊടിഞ്ഞു.
മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് മത്സരിച്ച ബൈജു 103 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടർന്ന് ഇന്ന് വൈകിട്ടോടെ നടന്ന ആഹ്ലാദപ്രകടത്തിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിൻറെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. കൈക്കും പരുക്കുകളുണ്ട്. കാല് ഒടിഞ്ഞിട്ടുള്ളതായാണ് പൊലീസ് അറിയിക്കുന്നത്.
ബിജെപി കൗൺസിലറായി സേവനം അനുഷ്ഠിച്ച ആളാണ് ബൈജു. പിന്നീട് നേതൃത്വവുമായുള്ള ചില അസ്വാരസ്യങ്ങൾ കാരണം ബിജെപിയിൽ നിന്ന് രാജി വെക്കുകയും സ്വതന്ത്രനായി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. യുഡിഎഫിൻ്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മുതുകുളം പഞ്ചായത്തിൻ്റെ ഭരണം തന്നെ പ്രതിസന്ധിയിലാക്കാൻ അദ്ദേഹത്തിനു സാധിച്ചു. എതിർകക്ഷികൾക്ക് അദ്ദേഹത്തോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ വിവരം. ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥിരീകരണം പൊലീസിൻ്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
പ്രദേശത്ത് സംഘർഷം നടത്തിയ ആളുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Story Highlights: ward member attack alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here