സിറ്റിയ്ക്ക് ബ്രെൻ്റ്ഫോർഡിൻ്റെ ഷോക്ക്; ഒന്നാം സ്ഥാനത്ത് ലീഡുയർത്തി ആഴ്സണൽ

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി ആഴ്സണൽ. ഇന്നലെ വോൾവ്സിനെതിരായ ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ അഞ്ച് പോയിൻ്റ് മുന്നിലെത്താൻ ആഴ്സണലിനു സാധിച്ചു. വോൾവ്സിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ആഴ്സണലിൻ്റെ ജയം. ഇന്നലെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ബ്രെൻ്റ്ഫോർഡിനോട് പരാജയപ്പെട്ടതും ആഴ്സണലിൻ്റെ ലീഡ് വർധിക്കാൻ കാരണമായി. ബ്രെൻ്റ്ഫോർഡിനോട് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റിയുടെ പരാജയം. ഈ വർഷം ഫെബ്രുവരി മുതൽ എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി തോൽവി അറിഞ്ഞിരുന്നില്ല.
വോൾവ്സിനെതിരായ എവേ മത്സരത്തിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിൻ്റെ ഇരട്ടഗോളുകളാണ് ആഴ്സണലിനു ജയം സമ്മാനിച്ചത്. സിറ്റിക്കായി ഫിൽ ഫോഡൻ ഗോളടിച്ചപ്പോൾ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അടക്കം ഇവാൻ ടോണി നേടിയ ഇരട്ടഗോളുകളുടെ ബലത്തിലാണ് ബ്രെൻ്റ്ഫോർഡ് വിജയിച്ചത്. 14 മത്സരങ്ങൾ വീതം പൂർത്തിയാക്കപ്പോൾ 12 ജയവും 37 പോയിൻ്റുമായി ആഴ്സണൽ ഒന്നാമതും 10 ജയവും 32 പോയിൻ്റുമായി സിറ്റി രണ്ടാമതുമാണ്.
Story Highlights: arsenal premier league manchester city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here