‘ലഹരിവിരുദ്ധ പരിപാടിയ്ക്ക് ഫ്ലക്സ് അടിക്കാൻ സംഭാവന’; ആന്റി കറപ്ഷൻ ഓഫിസറെന്ന വ്യാജേന തട്ടിപ്പ് നടത്തിയവർ പിടിയിൽ

ആന്റി കറപ്ഷൻ ഓഫിസർ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവർ അറസ്റ്റിൽ. രണ്ടംഗ സംഘമാണ് അറസ്റ്റിലായത്. എറണാകുളത്ത് നടത്തുന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഫ്ലക്സ് അടിക്കുന്നതിനായി പണം നൽകണം എന്ന ആവശ്യത്തോടെയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം തൃപ്പൂണിത്തുറയിലെ വ്യാപാരികളുടെ കയ്യിൽ നിന്നാണ് പണം കവർന്നത്. ആന്റി കറപ്ഷൻ ഓഫിസർ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തട്ടിപ്പ്. ലഹരി വിരുദ്ധ പരിപാടിക്ക് ഫ്ലക്സ് അടിക്കുന്നതിനായി പണം നൽകണം എന്നതായിരുന്നു ആവിശ്യം. പണം നൽകണമെന്ന് പറഞ്ഞു കൊണ്ട് ഫോണിൽ വിളിക്കുകയും ചില കടകളിൽ നേരിട്ടു വന്ന് ഒരു ഫ്ലക്സിന് മൂവായിരത്തി അഞ്ഞൂറ് രൂപ നിരക്കിൽ പത്ത് പതിനഞ്ചോളം ഫ്ലക്സിന്റെ പൈസ നൽകണമെന്നും ആവശ്യപ്പെട്ടു. ഒരു കടയിൽ നിന്ന് പതിനയ്യായിരത്തി അഞ്ഞൂറ് രൂപ കൈപ്പറ്റുകയും ചെയ്തു. ഇവർ ഈ ആവശ്യവുമായി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായ സിയാദ് വിസ്മയയെയും സമീപിച്ചു. സിയാദിന്റെ നേതൃത്വത്തിൽ മറ്റ് വസ്ത്ര വ്യാപാരികളും കൂടി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടർന്ന് സവാദ്, മോഹൻ കുമാർ എന്നിവരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കബളിപ്പിക്കപ്പെട്ട വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: anti-corruption officer fraud arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here