സാം ബില്ലിംഗ്‌സ് ഐപിഎൽ 2023ൽ നിന്ന് പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണിൽ നിന്ന് പിന്മാറുകയാണെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബില്ലിംഗ്സ് ഇക്കാര്യം അറിയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടീമിന്റെ ഭാഗമായിരുന്നു ബില്ലിംഗ്സ്.
ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയിൽ ടി20 ലോക ചാമ്പ്യന്മാരായി കിരീടം ചൂടിയതിന് തൊട്ടുപിന്നാലെയാണ് ബില്ലിംഗ്‌സ് തന്റെ ഐപിഎൽ ഭാവിയെ കുറിച്ച് തുറന്ന് പറഞ്ഞത്. ഐപിഎൽ 2023ൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി തിങ്കളാഴ്ച ട്വിറ്ററിലൂടെ ബില്ലിംഗ്സ് സ്ഥിരീകരിച്ചു. ഗെയിമിന്റെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
Have taken the tough decision that I won’t be taking part in the next IPL @KKRiders
— Sam Billings (@sambillings) November 14, 2022
Looking to focus on longer format cricket at the start of the English summer with @kentcricket pic.twitter.com/7yeqcf9yi8
‘അടുത്ത വേനൽക്കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനായി ഞാൻ കാന്റ് ടീമിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കും. തനിക്ക് ലഭിച്ച അവസരത്തിന് കെകെആറിനോട് നന്ദിയുള്ളവനാണ്. കെകെആറിലെ ഓരോ നിമിഷവും ആസ്വദിച്ചു’ – താരം കുറിച്ചു. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ബില്ലിംഗിനെ കെകെആർ വാങ്ങിയത്. ഡൽഹി ഡെയർഡെവിൾസിന് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) വേണ്ടി 2016ൽ ബില്ലിംഗ്സ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു.
തന്റെ ഐപിഎൽ കരിയറിൽ 30 മത്സരങ്ങൾ കളിച്ച ബില്ലിംഗ്സ് 19.35 ശരാശരിയിൽ 128 സ്ട്രൈക്ക് റേറ്റോടെ 503 റൺസ് നേടിയിട്ടുണ്ട്. കൊൽക്കത്തയ്ക്കും, ഡൽഹിക്കും പുറമേ, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.
Story Highlights: Sam Billings pulls out of IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here