‘അഭയാർത്ഥി ക്യാമ്പിൽ പിറന്ന കുട്ടി ലോകകപ്പ് കളിക്കാൻ പോകുന്നു’; അൽഫോൺസോ ഡേവിസിൻ്റെ ട്വീറ്റ് വൈറൽ

ഖത്തർ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ കനേഡിയൻ പ്രതിരോധ താരം അൽഫോൺസോ ഡേവിസിൻ്റെ ട്വീറ്റ് വൈറൽ. അഭയാർത്ഥി ക്യാമ്പിൽ പിറന്ന കുട്ടി ലോകകപ്പ് കളിക്കാൻ പോകുന്നു എന്നായിരുന്നു ഡേവിസിൻ്റെ ട്വീറ്റ്. ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് താരമായ ഡേവിസിനെ മുന്നേറ്റനിരക്കാരനായാവും കാനഡ കളിപ്പിക്കുക.
A kid born in a refugee camp wasn’t supposed to make it! But here we are GOING TO THE WORLD CUP. Don’t let no one tell you that your dreams are unrealistic. KEEP DREAMING, KEEP ACHIEVING! pic.twitter.com/GT4hjz4ebO
— Alphonso Davies (@AlphonsoDavies) November 13, 2022
2000 നവംബർ 2ന് ഘാനയിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ഡേവിസിൻ്റെ ജനനം. ലൈബീരിയൻ ആഭ്യന്തരം യുദ്ധം കാരണം നാടുവിട്ട ലക്ഷക്കണക്കിനാളുകളിൽ പെട്ടവരായിരുന്നു ഡേവിസിൻ്റെ കുടുംബം. 2005ൽ ഇവർ കാനഡയിലേക്ക് കുടിയേറി. അതേ വർഷം എഡ്‌മോണ്ടൺ ഇൻ്റർനാഷണൽസിൻ്റെ യൂത്ത് ടീമിലെത്തിയ ഡേവിസ് തൊട്ടടുത്ത വർഷം എഡ്‌മോണ്ടൺ സ്ട്രൈക്കേഴ്സിലൂടെ യൂത്ത് കരിയർ ആരംഭിച്ചു. 2014 വരെ അവിടെ കളിച്ച താരം 2015ൽ വാൻകൂവർ വൈറ്റ്കാപ്സ് എഫ്സിയുടെ യൂത്ത് ടീമിലെത്തുകയും തൊട്ടടുത്ത വർഷം, 16ആം വയസിൽ സീനിയർ ടീമിൽ അരങ്ങേറുകയും ചെയ്തു. 2017ൽ ഡേവിസിന് കനേഡിയൻ പൗരത്വം ലഭിച്ചു. അക്കൊല്ലം തന്നെ താരം കാനഡയുടെ സീനിയർ ടീമിലും അരങ്ങേറി. മേജർ ലീഗ് സോക്കറിൽ വാൻകൂവർ വൈറ്റ്കാപ്സ് എഫ്സിയ്ക്കായി നടത്തിയ തകർപ്പൻ പ്രകടനങ്ങളെ തുടർന്നാണ് 2018ൽ ബയേൺ മ്യൂണിക്ക് ഡേവിസിനെ റാഞ്ചുന്നത്. ഒരു വർഷം റിസർവ് ടീമിൽ കളിച്ച ഡേവിസ് 2019ൽ സീനിയർ ടീമിൽ അരങ്ങേറി. ബയേണിനായി 95 മത്സരങ്ങൾ കളിച്ച ഡേവിസ് നിലവിൽ ടീമിൻ്റെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളാണ്.
36 വർഷങ്ങൾക്കു ശേഷം, ചരിത്രത്തിൽ തന്നെ രണ്ടാം തവണയാണ് കാനഡ വീണ്ടും ലോകകപ്പ് കളിക്കാനെത്തുന്നത്. ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എഫിലാണ് കാനഡ. ഈ മാസം 20നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുക. ഡിസംബർ 18ന് ഫൈനൽ നടക്കും. ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.
Story Highlights: alphonso davies qatar world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here