‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ രണ്ടാം ഭാഗം വരുന്നു

തിയറ്ററുകളെ കീഴടക്കിയ കറുത്ത കോട്ടിട്ട സൈക്കോ ‘മുകുന്ദന്‍ ഉണ്ണി’ വീണ്ടും വരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കയാണ്.
നിറഞ്ഞ ചിരിയോടെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ വൻ വിജയത്തോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.
2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങളിൽ സിനിമയുടെ ഗ്രാഫ് കൃത്യമായി മനസിലായില്ല. പിന്നീടാണ് കഥാപാത്രത്തെ കൃത്യമായി പിടികിട്ടിയത്. ഒരുപാട് ആലോചിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. കഥ വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള നെഗറ്റീവ് കഥാപാത്രം ചെയ്യുന്നുണ്ടെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്തത് നന്നായെന്ന് അച്ഛൻ പറഞ്ഞെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി മേനോൻ നടത്തിയ പ്രതികരണത്തോടും വിനീത് ശ്രീനിവാസൻ പ്രതികരിച്ചു. തനിക്ക് സിനിമ റിവ്യൂ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
ഇറങ്ങുന്ന സമയത്ത് മോശമായി പറയുമ്പോൾ വിഷമം ഉണ്ടാകും. പിന്നീട് ആ വിമർശനങ്ങൾ നോക്കി പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചെന്നും വിനീത് വ്യക്തമാക്കി. നിവിൻ പോളിയുമായി നിറയെ തമാശ ഉള്ള ഒരു പടം ചെയ്യണമെന്ന ആഗ്രഹമുണ്ട്. നിവിൻ ശക്തമായി തിരിച്ചു വരുമെന്നും വിനീത് പറഞ്ഞു.

സിനിമയിൽ മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രത്തിന് ഗ്ലോറിഫിക്കേഷൻ ഇല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. ഇതാണ് ലോകത്ത് നടക്കുന്നത്. ആ കാര്യം ആലോചിക്കുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞു വെച്ചത്. യൂട്യൂബിലൂടെയും, ആർട്ടിക്കിൾ നോക്കിയും സിനിമയ്ക്കായി റിസർച്ച് ചെയ്തു. വളരെ ക്ലാരിറ്റിയോടെയാണ് സിനിമ ചെയ്തതെന്നും നെഗറ്റീവ് മെസ്സേജ് സിനിമയിൽ നൽകുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.
ഒരുപാട് സന്തോഷത്തോടെയാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്ന് ആർഷ ബൈജു പറഞ്ഞു. താൻ മീനാക്ഷിയെ പോലെ ചിന്തിക്കുന്ന ആളല്ലെന്നും ആർഷ പറഞ്ഞു. സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് സുധി കോപ്പയും പ്രതികരിച്ചു.

നവംബര്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിര്‍മ്മിക്കുന്നത്.
വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്.
Story Highlights: ‘Mukundan Unni Associates’ second part
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here