മധ്യപ്രദേശിൽ ആശുപത്രി ഐസിയുവിനുള്ളിൽ പശു; വീഡിയോ വൈറൽ

ആശുപത്രിക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽ അലഞ്ഞുനടക്കുന്ന പശുവിന്‍റെ വിഡിയോ വൈറലാവുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. പശു സ്വതന്ത്രമായി വിഹരിക്കുന്നതും ചവറ്റുകുട്ടയിൽ നിന്ന് മെഡിക്കൽ മാലിന്യം തിന്നുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും മറ്റ് രണ്ട് ജീവനക്കാരെയും പിരിച്ചുവിട്ടു.
സുരക്ഷാ ജീവനക്കാരെ ആശുപത്രിയിൽ വിന്യസിച്ചിട്ടും പശു ആശുപത്രിക്കുള്ളിൽ പ്രവേശിച്ചത് ജാഗ്രതക്കുറവ് മൂലമാണെന്ന് വിമർശനം ഉണ്ട്. ആശുപത്രിയിൽ രണ്ട് പശു പിടുത്തക്കാരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ അവരും സ്ഥലത്തുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. “ഞാൻ സ്ഥിതിഗതികൾ ശ്രദ്ധിക്കുകയും വാർഡ് ബോയ്‌ക്കും സെക്യൂരിറ്റി ഗാർഡിനും എതിരെ നടപടിയെടുക്കുകയും ചെയ്തു. ഈ സംഭവം ഞങ്ങളുടെ പഴയ കോവിഡ് ഐസിയു വാർഡിൽ നിന്നാണ്” – ജില്ലാ ആശുപത്രിയിലെ സിവിൽ സർജൻ ഡോ രാജേന്ദ്ര കടാരിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ മന്ത്രി പ്രഭുറാം ചദൂധരി ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ മൂന്ന് പേരെ പിരിച്ചുവിട്ടു. വാർഡിൽ അലഞ്ഞുതിരിയുന്ന പശുവിനെ കണ്ട ആരോ വീഡിയോ പകർത്തുകയായിരുന്നു.
Story Highlights: Cow Roams Freely Inside ICU Of Madhya Pradesh Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here