എളനാട് മരം കൊള്ള : വനംവകുപ്പിനെ കുരുക്കുന്ന നിയമോപദേശം ശരി വച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ

തൃശൂർ എളനാട് മരം കൊള്ളയിൽ വനംവകുപ്പിനെ കുരുക്കുന്ന നിയമോപദേശം ശരി വച്ച് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ. വടക്കാഞ്ചേരി അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ ടി കെ മനോജ് നൽകിയ നിയമോപദേശമാണ് ശരിവച്ചത്. റബർ പ്ലാൻറേഷൻ പട്ടയഭൂമിയിലെ മരം മുറി വനകുറ്റകൃത്യമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും നിയമോപദേശത്തിൽ സ്ഥിരീകരണമുണ്ടായിരുന്നു. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗിരീഷ് പഞ്ചു നൽകിയ റിപ്പോർട്ട് തുടർ നടപടികൾക്കായി പ്രിൻസിൽപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കീഴുദ്യോഗസ്ഥർക്ക് കൈമാറി. റിപ്പോർട്ടിൻറെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( elanadu forest robbery 24 exclusive )
എളനാട് മരംകൊള്ളയിൽ വടക്കാഞ്ചേരി എപിപി അഡ്വ. ടികെ മനോജ് നൽകിയ നിയമോപദേശം വനംവകുപ്പിനെ കുരുക്കിലാക്കിയിരുന്നു. മരം മുറിയിൽ കേസ് രജിസ്റ്റർ ചെയ്തതതിലെ വീഴ്ച, ഭൂമിയുടെ സ്വഭാവം, പ്രതിയെ സംരക്ഷിക്കുന്ന വകുപ്പുകൾ ചുമത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തുന്ന നിയമോപദേശമായിരുന്നു മനോജിൻറേത്. ഇതിൽ തൃപ്തിവരാതെയാണ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ വനംവകുപ്പ് സമീപിച്ചത്. എപിപി നൽകിയ നിയമോപദേശം ശരിവയ്ക്കുന്നതാണ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗിരീഷ് പഞ്ചു പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് തുടർനടപടികളിലേക്കും കീഴുദ്യോഗസ്ഥരുടെ അറിവിലേക്കുമായി പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ കൈമാറി. 1995 പട്ടയഭൂമിയിലെ മരം മുറി തടയൻ നിയമവും കേരള ഫോറസ്റ്റ് സെക്ഷൻ ആക്ട് 61 എ പ്രകാരവും കേസ് എടുക്കുന്നതിന് പകരം വൃക്ഷം വളർത്തൽപ്രോത്സാഹന നിയമം ചുമത്തിയാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയെ രക്ഷിക്കാനുതകും വിധം മുറിച്ചു കടത്തിയ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളെ മഹസർ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രതിയെ സംരക്ഷിക്കാൻ തയാറാക്കിയ മഹസർ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ബീറ്റ് ഓഫീസർമാരായ ഷഹ്ന റഹ്‌മൻ, എ കെ പ്രതീപ്, എംജെ ലിജോ എന്നിവരെയാണ് ഡിഎഫ്ഒ സസ്‌പെൻഡ് ചെയ്തത്. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ എപിപിയുടെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ പോലും സംരക്ഷിച്ചുവരികയാണ് ഡിഎഫ്ഒ എന്ന ആരോപണവുമുണ്ട്. മഹസർ റിപ്പോർട്ടിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിൻറെ വൈരാഗ്യത്തിൽ വനിത ഓഫീസറെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലും അന്വേഷണം തുടരുകയാണ്.
Story Highlights: elanadu forest robbery 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here