ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മധുര പ്രതികാരം; ഹൈദരാബാദിനെ തോൽപ്പിച്ച് കേരളം

ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് തടയിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് മഞ്ഞപ്പട നേടിയത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമാന്റകോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ലീഗിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന മൂന്നാം തുടർ ജയമാണിത്.
ആദ്യ മിനുറ്റുകളിൽ ഹൈദരാബാദിൻ്റെ ആധിപത്യമാണ് കണ്ടത്. തെല്ല് പതറിയെങ്കിലും വിട്ടുകൊടുക്കാൻ കൊമ്പന്മാർ തയ്യാറായിരുന്നില്ല. ഇതോടെ ഹൈദരാബാദ് ബോക്സിലേക്കും തുടർച്ചയായി പന്തുകൾ എത്തിത്തുടങ്ങി. 18–ാം മിനിറ്റിൽ ഹൈദരാബാദിനെ ഞെട്ടിച്ച് ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ മികച്ച നീക്കമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്.
അപ്രതീക്ഷിതമായി ആദ്യ ഗോൾ വീണതോടെ ഹൈദരാബാദ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരബാദ് ആഞ്ഞു ശ്രമിച്ചു, ലീഡ് നിലനിർത്താൻ കേരളവും. പിന്നീട് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിജയത്തോടെ 7 കളികളിൽ 12 പോയിന്റായ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. അടുത്ത മാസം നാലിന് ജംഷദ്പൂർ എഫ് സിക്കെതിരെയാണ് ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Story Highlights: kerala lablasters fc beat hyderabad fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here