നോര്‍ക്ക-യുകെ കരിയര്‍ ഫെയറിന് സമാപനം

നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ നടന്ന യുകെ കരിയര്‍ ഫെയറിന് വിജയകരമായ പരിസമാപ്തി. യുകെ ആരോഗ്യ മേഖലയിലെ എന്‍.എച്ച്.എസ്സിനു കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കും ഇതര മേഖലകളിലേയ്ക്കുമുളള റിക്രൂട്ട്‌മെന്റ് നടപടികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ആദ്യമായാണ് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ഇത്രയധികം തൊഴിൽ രംഗങ്ങളിലേയ്ക്ക് ഒരുമിച്ച് റിക്രൂട്ട്മെന്റ് നടത്തുന്നത്.
യുകെയില്‍ നിന്നും 12-ഓളം തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്‌മെന്റ് ഫെയറിനാണ് കൊച്ചി സാക്ഷിയായത്. ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍, യുകെ എന്‍.എച്ച്.എസ്സ് നിരീക്ഷകർ എന്നിവരുള്‍പ്പെടെ നാല്പതോളം പേരാണ് അഭിമുഖം നടത്തുന്നതിനായി യുകെയില്‍ നിന്നെത്തിയത്.
സൈക്യാട്രി സ്പെഷാലിറ്റി ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അഞ്ചു ദിവസങ്ങളിലായി വിവിധ മേഖലകളില്‍ നിന്നുളള ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ കരിയര്‍ ഫെയറിൽ പങ്കെടുക്കാനെത്തി.
ഫെയറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക മൂന്നാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യുകെയിൽ നിന്നെത്തിയ പ്രതിനിധികൾ അറിയിച്ചു. കരിയര്‍ ഫെയറിന്റെ രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ നടത്താനും ധാരണയായി.
Story Highlights: NORCA-UK Career Fair concludes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here