ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

പഞ്ചാബിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. കൊലപാതക ശേഷം കാമുകൻ്റെ സഹായത്തോടെ വീട്ടിലെ കക്കൂസ് കുഴിയിൽ മൃതദേഹം കുഴിച്ചിട്ടു. ഭർത്താവിനെ കാണാനില്ലെന്ന യുവതിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തത്.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബക്ഷിവാല സ്വദേശി അമരിക് സിംഗ് എന്നയാളാണ് മരിച്ചത്. പൊലീസ് പറയുന്നതനുസരിച്ച് രാജ്ജി കൗർ(35) എന്ന യുവതി നവംബർ 20 ന് ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ കൗറിന് അതേ പ്രദേശത്തെ താമസക്കാരനായ സുർജിത് സിംഗ് എന്ന യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഒക്‌ടോബർ 27ന് സുർജിത്തിനൊപ്പം താനും ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ കൗർ സമ്മതിച്ചതായി സംഗ്രൂർ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) സുരേന്ദ്ര ലാംബ പറഞ്ഞു. ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് നൽകിയ ശേഷമായിരുന്നു കൊലപാതകം. ബോധരഹിതനായ അമരിക്കിനെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പിന്നീട് 25 അടി താഴ്ചയുള്ള ടോയ്‌ലറ്റ് കുഴിയിൽ മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ പൊലീസിൽ പരാതിയും നൽകി. 13ഉം 11ഉം വയസ്സുള്ള രണ്ട് ആൺമക്കൾക്കൊപ്പം യുവതി അതേ വീട്ടിൽ തന്നെ തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Woman And Lover Kill Her Husband, Bury Body In Toilet Pit At Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here