Advertisement

അടിയ്ക്ക് തിരിച്ചടി, തിരിച്ചടിയ്ക്ക് അടി; ആവേശപ്പോരിൽ സെർബിയ – കാമറൂൺ മത്സരം സമനില

November 28, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ സെർബിയ – കാമറൂൺ മത്സരം സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് പിരിഞ്ഞു. സ്ട്രാഹിഞ്ഞ പാവ്ലോവിച്, മിലിങ്കോവിച് സാവിച്, അലക്സാണ്ടർ മിട്രോവിച് എന്നിവർ സെർബിയക്കായും ഷോൺ ചാൾസ് കസ്റ്റെല്ലെറ്റോ, വിൻസൻ്റ് അബൂബക്കാർ, ചോപോ മോട്ടിങ്ങ് എന്നിവർ കാമറൂണിനായും ഗോളുകൾ നേടി. അടിയും തിരിച്ചടിയും കണ്ട കളി ആദ്യാവസാനം ആവേശോജ്വലമായിരുന്നു. (Serbia Cameroon draw qatar)

Read Also: അലിസൺ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി; ബ്രസീലിന് ആശങ്ക

സെർബിയയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. 10ആം മിനിട്ടിലും 17 ആം മിനിട്ടിലും മിട്രോവിചിൻ്റെ എഫർട്ടുകൾ പുറത്തേക്ക് പറന്നു. എങ്കോളൂ, കുണ്ടെ എന്നിവരിലൂടെ കാമറൂണും സെർബിയൻ ഗോൾ മുഖം റെയ്ഡ് ചെയ്തു. ഇതിനിടെ മിലിങ്കോവിച് സാവിചിൻ്റെ ഒരു ഷോട്ടും പോസ്റ്റിനു പുറത്തേക്ക് പോയി. കളി സെർബിയ നിയന്ത്രിക്കെ 29ആം മിനിട്ടിൽ കാമറൂൺ ആദ്യ ഗോളടിച്ചു. ഒരു കോർണറിൽ നിന്ന് കാസ്റ്റല്ലറ്റോയുടെ ക്ലോസ് റേഞ്ച് ഫിനിഷ്. ഗോളടിക്കാനുള്ള സെർബിയയുടെ തുടർ ശ്രമങ്ങളും കാമറൂണിൻ്റെ ഒറ്റപ്പെട്ട ശ്രമങ്ങളും പുരോഗമിക്കെ സെർബിയയുടെ സമനില ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ടാഡിചിൻ്റെ ഫ്രീ കിക്കിൽ തല വച്ച് പാവ്ലോവിച് സെർബിയയ്ക്ക് സമനില നൽകി. 2 മിനിട്ടുകൾക്കുള്ളിൽ സെർബിയ കളിയിൽ ആദ്യമായി ലീഡെടുത്തു. സിവ്കോവിചിൽ നിന്ന് പാസ് സ്വീകരിച്ച് സാവിചിൻ്റെ ഒരു കൂൾ കാം ഫിനിഷ്. ആദ്യ പകുതിയിൽ സെർബിയ 2, കാമറൂൺ 1.

53ആം മിനിട്ടിൽ മിട്രോവിചിൻ്റെ ഒരു തകർപ്പൻ ഗോൾ. കാമറൂൺ പ്രതിരോധത്തെയാകെ വട്ടം കറക്കി ടാഡിച്, മിട്രോവിച്, സാവിച്, സിവ്കോവിച് എന്നിവരിലൂടെ എത്തിയ പന്ത് പോസ്റ്റിലേക്ക് തട്ടിയിടുക മാത്രമായിരുന്നു മിട്രോവിചിൻ്റെ ദൗത്യം. സെർബിയ ലീഡുയർത്തി. 55ആം മിനിട്ടിൽ കാമറൂണിൻ്റെ ഒരു ഗെയിം ചേഞ്ചിംഗ് സബ്സ്റ്റിറ്റ്യൂഷൻ. മാർട്ടിൻ ഹൊങ്കാളയ്ക്ക് പകരം വിൻസൻ്റ് അബൂബക്കാർ കളത്തിൽ. കാമറൂണിൻ്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി. 63ആം മിനിട്ടിൽ തന്നെ ഇറക്കിയ പരിശീലകൻ്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് അബൂബക്കാറിൻ്റെ ഒരു ക്ലിനിക്കൽ ഫിനിഷ്. കാസ്റ്റല്ലാറ്റോയുടെ ഒരു ലോംഗ് ബോൾ സ്വീകരിച്ച് സെർബിയൻ ഗോൾ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അബൂബക്കാർ നടത്തിയ ചിപ് ഓഫ്സൈഡാണെന്ന ആശങ്കയുണ്ടായെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ ശരിവച്ചു. മൂന്ന് മിനിട്ടുകൾക്ക് ശേഷം വീണ്ടും അബൂബക്കാർ. ഇത്തവണ ചോപോ മോട്ടിങ്ങിന് ഒരു തളികയിലെന്നവണ്ണം നീട്ടിനൽകി അബൂബക്കാർ ഗോളിലേക്ക് വഴിയൊരുക്കി. മോട്ടിങ്ങിൻ്റെ ഈസി ഫിനിഷ്. പിന്നീട് മിട്രോവിച്, കോസിച്, കോസ്റ്റിച് തുടങ്ങിയവരിലൂടെ സെർബിയ പലതവണ ഗോളിനരികെയെത്തി. 89ആം മിനിട്ടിൽ മിട്രോവിചിൻ്റെ ഒരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. അബൂബക്കാറിലൂടെ കാമറൂണും ഇടയ്ക്ക് ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ ഒഴിഞ്ഞുനിന്നു.

Story Highlights: Serbia Cameroon draw fifa world cup qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here