Advertisement

അന്ന് നായകൻ, ഇന്ന് പരിശീലകൻ; അലിയു സിസെ എന്ന സെനഗൽ മാന്ത്രികൻ

November 30, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാദിയോ മാനെ ഇല്ലാത്ത സെനഗലിന് പ്രീക്വാർട്ടറിലെത്തുക കടുപ്പമാകുമെന്ന് കരുതിയത് ആരാധകർ മാത്രമല്ല, ഫുട്ബോൾ നിരീക്ഷകരും കൂടിയാണ്. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോൾ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സിന് വെറും ഒരു പോയിൻ്റ് മാത്രം പിന്നിൽ സെനഗൽ പ്രീ ക്വാർട്ടറിലെത്തി. അതും ഭാഗ്യം കൊണ്ടും സൂത്രപ്പണി കൊണ്ടുമല്ല, കൃത്യമായ തന്ത്രങ്ങളും കഠിനാധ്വാനവും കൊണ്ടാണ് സെനഗൽ അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. സെനഗൽ ഗ്രൂപ്പ് ഘട്ടം കടക്കുമ്പോൾ ടച്ച് ലൈനു പുറത്ത് നീളൻ മുടിയും ആഴമുള്ള കണ്ണുകളുമുള്ള ഒരു 46 കാരനുണ്ടായിരുന്നു. അലിയു സിസെ, സെനഗൽ പരിശീലകൻ. (aliou cisse senegal fifa)

Read Also: അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

വർഷം 2002. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പ്. തിയറി ഒൻറിയും ഡേവിഡ് ട്രെസഗെയും പാട്രിക്ക് വിയേരയും സാക്ഷാൽ സിനദിൻ സിദാനുമൊക്കെ അടങ്ങിയ ഫ്രാൻസിനെയടക്കം അട്ടിമറിച്ച് എ ഗ്രൂപ്പിൽ നിന്ന് സെനഗൽ അടുത്ത ഘട്ടം കടക്കുമ്പോൾ ക്യാപ്റ്റൻ ആം ബാൻഡണിഞ്ഞിരുന്നത് നേരത്തെ പറഞ്ഞ അതേ മനുഷ്യനായിരുന്നു. ചരിത്രത്തിലാദ്യമായി സെനഗൽ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കുമ്പോൾ അവരെ നയിച്ചത് അലിയു സിസെ. പ്രീ ക്വാർട്ടറിൽ സ്വീഡനെതിരെ അധികസമയം വരെ നീണ്ട കളിയിൽ 2-1 എന്ന സ്കോറിനു വിജയിച്ച സെനഗൽ ക്വാർട്ടർ കളിച്ചു. തുർക്കിക്കെതിരായ ക്വാർട്ടറിലും കളി അധികസമയത്തേക്ക് നീണ്ടു. എന്നാൽ, ഇക്കുറി സെനഗൽ വീണു. ഏകപക്ഷീയമായ ഒരു ഗോളിന് തുർക്കിയുടെ ജയം. 2002നു ശേഷം സെനഗൽ ഗ്രൂപ്പ് കടക്കുന്നത് ഇത്തവണയാണ്.

ലോകകപ്പിന് മൂന്ന് മാസങ്ങൾക്കു മുൻപ് 2002 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നടന്ന ആഫ്രിക്ക കപ്പ് ഒഫ് നേഷൻസിലും അലിയു സിസെ സെനഗലിനെ നയിച്ചു. ഗ്രൂപ്പ് ഡിയിൽ ചാമ്പ്യന്മാരായി ഗ്രൂപ്പ് ഘട്ടം കടന്ന സെനഗൽ ക്വാർട്ടറും സെമിയും കടന്ന് ഫൈനൽ കളിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സെനഗലിനെ 3-2നു വീഴ്ത്തി കാമറൂൺ ജേതാക്കളായി. ടീമിനെ ചരിത്രത്തിൽ ആദ്യമായി കലാശപ്പോരിലെത്തിച്ച സിസെ ഒരു കിക്ക് പാഴാക്കിയെന്നത് ചരിത്രത്തിൻ്റെ ക്രൂരമായ മറ്റൊരു തമാശ.

17 വർഷങ്ങൾ കടന്നുപോയി. വീണ്ടും സെനഗൽ ഒരു ആഫിക്ക കപ്പ് ഒഫ് നേഷൻസ് ഫൈനൽ കളിക്കുന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി തുടങ്ങിയ സെനഗലിന് ഫൈനലിൽ വീണ്ടും കാലിടറി. ഇക്കുറി അൾജീരിയക്ക് മുന്നിൽ വീണപ്പോൾ അവരുടെ പരിശീലകനായി ഒപ്പമുണ്ടായിരുന്നത് അലിയു സിസെ തന്നെയായിരുന്നു. കഴിഞ്ഞ വർഷം സെനഗൽ വീണ്ടും ഫൈനൽ കളിച്ചു. ഈജിപ്തിനെതിരെ ആയിരുന്നു ഫൈനൽ. വീണ്ടും ഒരു ഷൂട്ടൗട്ട്. ഇക്കുറി സെനഗലിനു പിഴച്ചില്ല. ഷൂട്ടൗട്ടിൽ 4-2ന് ഈജിപ്തിനെ വീഴ്ത്തിയ അവർക്ക് ആദ്യ കിരീടം. ക്യാപ്റ്റനായും പരിശീലകനായും രണ്ട് തവണ കൈവിട്ട കിരീടം സിസെ മനം നിറഞ്ഞ് തൊട്ടു.

Read Also: മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് നാണക്കേടിൻ്റെ റെക്കോർഡ്

സാദിയോ മാനെയുടെ അഭാവം വലിയ ഒരു തിരിച്ചടി ആണെങ്കിലും ലഭ്യമായ വിഭവങ്ങൾ കൃത്യമായി വിന്യസിച്ചാണ് സിസെ ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിനെയടക്കം വിറപ്പിച്ചത്. കെട്ടുറപ്പുള്ള പ്രതിരോധവും ഇടതടവില്ലാതെ ആക്രമിക്കുന്ന പ്രതിരോധവും തമ്മിലുള്ള അണ്ടർസ്റ്റാൻഡിംഗ് അപാരമാണ്. വിർജിൽ വാൻ ഡൈക്കും ഡി ലിറ്റും ഡെൻസൽ ഡംഫ്രൈസും ഡേലി ബ്ലിൻഡും പിന്നെ, ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഫ്രാങ്കി ഡിയോങ്ങും ഒക്കെ അടങ്ങുന്ന ഡച്ച് പ്രതിരോധത്തെ മറികടന്ന് സെനഗൽ തൊടുത്തത് 15 ഷോട്ടുകളാണ്. നെതർലൻഡ് ഭാഗ്യം പരീക്ഷിച്ചത് 10 തവണ. പ്രീ ക്വാർട്ടറിൽ റെഡ് ഹോട്ട് ഫോമിലുള്ള ഇംഗ്ലണ്ടിനെയാണ് സെനഗൽ നേരിടുന്നത്. ഫിംഗേഴ്സ് ക്രോസ്ഡ്.

Story Highlights: aliou cisse senegal fifa world cup qatar

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement