ഇരട്ട ഗോളുമായി എംബാപ്പെ, റെക്കോർഡിട്ട് ജിറൂദ്; ഫ്രാൻസ് ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം. പ്രീ-ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരട്ട ഗോൾ നേടുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയാണ് ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്ക് നയിച്ചത്. ഇംഗ്ലണ്ട്-സെനഗല്‍ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി.
അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒലിവിയർ ജിറൂദാണ് (44–ാം മിനിറ്റ്) ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം പകുതിയുടെ 74, 91 മിനിറ്റുകളിലായിരുന്നു എമ്പാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. പരാജയപ്പെട്ടെങ്കിലും നിലവിലെ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ലെവൻഡോവിസ്കിയുടെ പോളണ്ട് പുറത്തെടുത്തത്.
പോളണ്ടിന്റെ ആശ്വാസഗോൾ അവസാന നിമിഷങ്ങളിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ലെവൻഡോവിസ്കി നേടി. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവൻഡോവിസ്കി വലയിലാക്കുകയായിരുന്നു. ഉപമെസാനൊ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. ആദ്യമെടുത്ത കിക്ക് ഗോളി പിടിച്ചെങ്കിലും റീക്കിക്ക് വേണ്ടിവന്നു. അത് ലെവന്‍ഡോവ്സ്‌കി വലയിലാക്കി.
പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോളാണിത്. അതേസമയം ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി ഒലിവിയർ ജിറൂദ് മാറി. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
Story Highlights: France Ease Past Poland 3-1 To Qualify For Quarter-finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here