‘സമാധാന ചർച്ചകളിൽ പുടിൻ ആത്മാർത്ഥത കാണിക്കുന്നില്ല’; വിക്ടോറിയ നൂലാൻഡ്

യുക്രൈനുമായുള്ള സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയും മറ്റ് മുതിർന്ന യുക്രൈനിയൻ ഉദ്യോഗസ്ഥരെയും തലസ്ഥാനമായ കീവിൽ സന്ദർശിച്ച ശേഷമാണ് പ്രതികരണം.
യുക്രൈനിനോടുള്ള പിന്തുണ അറിയിക്കാനാണ് യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി രാജ്യം സന്ദർശിച്ചത്. പുടിൻ്റെ പ്രവർത്തികളിൽ നിന്ന് അദ്ദേഹത്തിന് യാതൊരു ആത്മാർത്ഥതയുമില്ലെന്ന് വ്യക്തമാണെന്നും വിക്ടോറിയ നൂലാൻഡ് കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ പുടിനുമായി സംസാരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.
സെലെൻസ്‌കിയുടെ ഓഫീസ് മേധാവി ആൻഡ്രി യെർമാക്കുമായും നുലാൻഡ് കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടൺ യുക്രൈനിന് നൽകിയ കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ‘ഞങ്ങൾക്ക് ഉറപ്പുള്ള യുക്രൈനിന്റെ വിജയം സംയുക്ത വിജയമായിരിക്കും’- സെലെൻസ്‌കിയുടെ ഓഫീസ് നൂലാൻഡിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
Story Highlights: Putin not sincere about peace talks – U.S diplomat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here