Advertisement

കാസർഗോഡ് സർക്കാർ സ്കൂളിൽ ഭാഷാ പരിചയമില്ലാത്ത അധ്യാപകന് കന്നഡ മീഡിയത്തിൽ നിയമനം; പ്രതിഷേധം ശക്തം

December 6, 2022
Google News 1 minute Read

കാസർഗോഡ് ആദൂരിലെ സർക്കാർ ഹൈസ്‌കൂളിൽ ഭാഷാ പരിചയമില്ലാത്ത അധ്യാപകന് കന്നഡ മീഡിയത്തിൽ നിയമനം നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കന്നഡ വിഭാഗത്തിലെ പതിനാറ് വിദ്യാർത്ഥികൾ ടി.സി വാങ്ങി മറ്റ് സ്കൂളുകളിലേക്ക് മാറി. കന്നഡ സർട്ടിഫിക്കറ്റുള്ള അധ്യാപകനെ സ്കൂളിൽ നിയമിക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവും നടപ്പിലായില്ല

സ്കൂളിലെ കന്നഡ മീഡിയത്തിൽ അഞ്ച് മാസം മുമ്പ് നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ മാനദണ്ഡങ്ങൾക്ക് വിഭിന്നമായി മലയാളത്തിൽ ക്ലാസെടുക്കുന്നുവെന്നായിരുന്നു പരാതി. ഹൈസ്കൂൾ തലത്തിൽ മൂന്ന് സയൻസ് വിഷയങ്ങളാണ് അധ്യാപകൻ കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ കന്നഡ മീഡിയത്തിലെ 44 വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. ആശങ്ക ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ രക്ഷിതാക്കൾ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സ്കൂളിലെ കന്നഡ വിഭാഗത്തിന്‍റെ അംഗീകാരം പോലും നഷ്ടമാകാനാണ് സാധ്യത.

വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ 45 ദിവസത്തിനകം ഭാഷാ പരിചയമുള്ള അധ്യാപകനെ നിയമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. പാഠപുസ്‌തകങ്ങൾ മുതൽ ക്ലാസിലെ ആശയവിനിമയം ഉൾപ്പടെ കന്നഡയിൽ നടത്തുന്ന വിദ്യാർത്ഥികൾക്കായി ഭാഷാ പരിചയമില്ലാത്ത അധ്യാപകനെ നിയമിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ഉയരുന്ന ആക്ഷേപം. പഠനം പ്രതിസന്ധിയിലായതോടെ കൂടുതൽ വിദ്യാർത്ഥികൾ സ്കൂൾ മാറാൻ തയ്യാറെടുക്കുകയാണ്.

Story Highlights: kasaragod school kannada teacher protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here