‘മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ സ്വാഗതം ചെയ്ത് ഡോ.ശശി തരൂര്‍ എംപി. സമാധാനത്തിനും ഐക്യത്തിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയെ സ്വാഗതം ചെയ്യുന്നു. സമാധാനവും ഐക്യവും പുലരാനും സംസ്ഥാനത്തിന്റെ വികസന താല്‍പര്യത്തിന് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ എല്ലാ നേതാക്കള്‍ക്കും, വിശിഷ്യാ ആര്‍ച്ച് ബിഷപ്പ് നെറ്റോക്ക്, അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.
വളരെ അധികം കഷ്ടതകള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കായി ആണ് ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കടലാക്രമണത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പ് വരുത്തണം. പ്രതികൂല കാലാവസ്ഥയില്‍ നിന്നും തീരശോഷണത്തില്‍ നിന്നും അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’. തരൂര്‍ പ്രതികരിച്ചു.
വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ട് . അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
Read Also: എൽഡിഎഫിന്റെ വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു
വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പൂര്‍ണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും.
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിന്‍ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകള്‍ പിന്‍വലിച്ചപ്പോല്‍ കര്‍ഷക സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കപാലത്തിലേക്ക് പോകാതിരിക്കാന്‍ ലത്തീന്‍ സഭ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിന്‍ പെരേര പറയുന്നു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്നും യൂജിന്‍ പെരേര വ്യക്തമാക്കുന്നു.
Story Highlights: Shashi Tharoor welcomes settlement of Vizhinjam strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here