ഓപ്പറേഷൻ ലോട്ടസ്; ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എം.എൽ.എമാർ ഛണ്ഡിഗഡിലേക്ക് നീങ്ങുന്നു, നാളെ 12 മണിക്ക് നിയമസഭാ കക്ഷി യോഗം

ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് എം.എൽ.എമാർ ഛണ്ഡിഗഡിലേക്ക് നീങ്ങുകയാണെന്ന് വിവരം. നാളെ 12 മണിക്കാണ് ഛണ്ഡിഗഡിൽ നിയമസഭാ കക്ഷി യോഗം ചേരുന്നത്. ഓപ്പറേഷൻ ലോട്ടസ് കണക്കിലെടുത്താണ് കോൺഗ്രസിന്റെ പുതിയ നീക്കം. ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ( Operation Lotus; Himachal Pradesh Congress MLAs move to Chandigarh ).
ഹിമാചലിലെ കോൺഗ്രസ് എംഎൽഎമാരെ മാറ്റുമെന്ന വാർത്ത തള്ളി എഐസിസി നിരീക്ഷകർ രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ താമര തടയാൻ റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റുമെന്ന വാർത്തയാണ് കോൺഗ്രസ് തള്ളിയത്. രാഹുൽ ഗാന്ധി ഒരു തവണ പ്രചാരണത്തിനെത്തിയ ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ പ്രിയങ്ക രംഗത്തെത്തിയ ഹിമാചലിൽ കോൺഗ്രസിന് ഭരണം തിരിച്ചുപിടിക്കാനായി.
ബിജെപിയും കോൺഗ്രസും ഹിമാചലിൽ 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിരുന്നു. 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 40 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഐഎം ഒരു സീറ്റുമാണ് നേടിയത്. ഗുജറാത്തിലെ വൻ തോൽവിയിലും കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിയെ താരപ്രചാരകയാക്കിയാണ് കോൺഗ്രസ് ഹിമാചലിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തന്ത്രം ഫലം കണ്ടുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലിൽ കേവലഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്.
ഇതിനിടെ സ്വതന്ത്ര എംഎൽഎമാരെ ചാക്കിടാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മൂന്നുപേരാണ് സ്വതന്ത്രരായി വിജയിച്ചിട്ടുള്ളത്. വിജയത്തിലേക്ക് നീങ്ങുന്ന കോൺഗ്രസ് വിമതൻ ആശിഷ് ശർമ്മ, സ്വതന്ത്രൻമാരായ കെ.എൽ.താക്കൂർ, ഹോഷിയാർ സിംഗ് എന്നിവരെ ഒപ്പം നിർത്താനാണ് ബിജെപി നീക്കം.
Story Highlights: Operation Lotus; Himachal Pradesh Congress MLAs move to Chandigarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here