ഫിഫ ലോകകപ്പ്: മെട്രോകളുടെ സമയക്രമം പുതുക്കി ദുബായ്

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പുതുക്കിയ മെട്രോ സമയക്രമം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. സമയമാറ്റം ഇന്ന് (ഡിസംബർ 9, വെള്ളി) മുതൽ പ്രാബല്യത്തിൽ വരും. ഖത്തർ ലോകകപ്പ് ഫൈനൽ വരെ ഇത് നീണ്ടുനിൽക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഫുട്ബോൾ ആരാധകരുടെ യാത്ര കൂടുതൽ സുഗമമാക്കാനാണ് പരിഷ്കരണമെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. 1.5 മണിക്കൂർ സർവീസ് വിപുലീകരണത്തോടെ അവസാന മത്സരം കഴിഞ്ഞ് 45 മിനിറ്റിന് ശേഷമേ അവസാന മെട്രോ പുറപ്പെടുകയുള്ളു. ലോകകപ്പ് വേദികളിൽ മണിക്കൂറിൽ 1,200 യാത്രക്കാരെ എത്തിക്കാൻ പ്രതിദിനം 1,400 ദുബായ് മെട്രോ ട്രിപ്പുകൾ, 700 അധിക ടാക്സികൾ, 60 പൊതു ബസുകൾ, മൂന്ന് മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിലെ ഫാൻ സോണുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും മൊബിലിറ്റി നിയന്ത്രിക്കുന്നതിനും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് പറക്കുന്ന ആരാധകരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള മാസ്റ്റർ പ്ലാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നേരത്തെ പുറത്തിറക്കിയിരുന്നു.
Story Highlights: Dubai RTA announces extended Metro operating hours during Fifa World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here