Advertisement

കൈയ്യടിക്കടാ… ആരെയും ഭയപ്പെടുത്തുന്ന തിരുട്ടു​ഗ്രാമത്തിൽ കയറി കള്ളനെ പിടികൂടിയ കേരള പൊലീസ്

December 9, 2022
Google News 3 minutes Read
Kerala Police arrested thief Thiruttu Gramam

തമിഴ്നാട്ടിലെ തിരുട്ടു​ഗ്രാമത്തിൽ പോയി മോഷ്ടാവിനെ പിടികൂടി കേരള പൊലീസ്. പാലക്കാട് നോർത്ത്, കസബ സ്റ്റേഷനുകളിൽ നിന്നുള്ള ഒരു സംഘം പൊലീസുകാരാണ് തിരുച്ചിറപ്പള്ളിയിലെ തിരുട്ട് ​ഗ്രാമത്തിലെത്തി കള്ളനെ പിടികൂടിയത്. 1000ൽ അധികം വീടുകളും 5000ൽ അധികം കള്ളന്മാരും ഉള്ള സ്ഥലത്തു കയറിയാണ് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തത്. ( Kerala Police arrested the thief from Thiruttu Gramam ).

തമിഴ്നാട് തിരുച്ചിറപ്പളളി തിരുട്ടു​ഗ്രാമം രാംജിന​ഗർ മിൽ കോളനിയിൽ ദയാലന്റെ മകൻ ഷൺമുഖം (35) ആണ് അറസ്റ്റിലായത്. ഇതേ കേസുമായി ബന്ധപ്പെട്ട് മോത്തി, കിരൺ എന്നീ രണ്ട് പേരെ പിടികൂടുകയെന്നതാണ് പൊലീസിന്റെ അടുത്ത ദൗത്യം. സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, രാജീദ്, രഘു എന്നിവർ അടങ്ങുന്ന മൂന്ന് പേരുടെ സംഘമാണ് കഴിഞ്ഞ മാസം പ്രതിയെ തിരുട്ടു ഗ്രാമത്തിൽ പോയി പിടികൂടിയത്.

‘എപ്പടി കോളനിക്കുള്ളെ വന്തത് സർ’. കോളനിയിലേക്കെത്തിയ പൊലീസുകാരെ കണ്ട് അമ്പരന്ന കൊടുംക്രിമിനലായ ഷൺമുഖന്റെ ആദ്യ ചോദ്യം ഇതായിരുന്നു. കസബ പൊലീസ് ഇൻസ്പെക്ടർ രാജീവ്, നോർത്ത് പൊലീസ് ഇൻസ്പെക്ടർ സുജിത്ത്, കസബ എസ്.ഐ അനീഷ് തുടങ്ങിയവരാണ് ഈ സിവിൽ പൊലീസ് ഓഫീസർമാരെ തിരുട്ട് ​ഗ്രാമത്തിന് പുറത്ത് നിന്ന് സഹായിച്ചത്.

കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗ് മോഷണം പോയ സംഭവത്തിലാണ് തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനിയിൽ 35കാരനായ ഷൺമുഖനെ പൊലീസ് പിടികൂടുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ പ്രമുഖനാണ് ഷൺമുഖം. വ്യക്തമായ രൂപരേഖ തയ്യാറാക്കിയാണ് ഷൺമുഖനെ കേരള പൊലീസ് പിടികൂടിയത്. പ്രതികൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങൾ ആർക്കും സംശയം കൂടാതെ നിരീക്ഷിച്ചാണ് തിരുട്ടു ഗ്രാമത്തിൽ പോയി പ്രതിയെ പിടികൂടിയത്.

Read Also: QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ഇക്കാര്യം അറിഞ്ഞിരിക്കണം; ഫെയ്സ് ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

ഈ കേസിൽ ഇനി പിടിയിലാവാനുള്ള മോത്തി ചില്ലറക്കാരനല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പ്രമാദമായ മോഷണക്കേസുകളിലെ പ്രതിയാണ് ഈ ക്രിമിനൽ. ഇയാളുടെ അനിയനും ഈ കേസിലെ പ്രതിയാണ്. കേരള പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയപ്പോൾ പിൻഭാ​ഗം വഴി ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ റെയ്ഡ് മൂലം തിരുട്ട് ​ഗ്രാമത്തിൽ ഒരാൾ മരിച്ചു എന്ന് പറഞ്ഞ് ജനങ്ങളാകെ അക്രമാസക്തരായി നിൽക്കുന്ന സമയത്താണ് കേരള പൊലീസ് ഇവരെ തിരഞ്ഞ് മഫ്ത്തിയിൽ അവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ ഓടി രക്ഷപ്പെട്ട പ്രതികളുടെ പിന്നാലെ പോകാൻ കഴിയുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടുത്തേത്. ഷൺമുഖന്റെ തിരുട്ട് സംഘം മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങളെല്ലാം റിക്കവർ ചെയ്തു കഴിഞ്ഞു. സ്ഥിരമായി മോഷണ മുതലുകൾ മാത്രം വാങ്ങാറുള്ള ഏജന്റിനെ ചോദ്യം ചെയ്ത്, അയാൾ വഴിയാണ് സാധനങ്ങൾ വീണ്ടെടുത്തത്.

തിരുട്ടു​ഗ്രാമത്തിൽ സംഘടിച്ചെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ജനക്കൂട്ടം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും തന്ത്രപരമായി അതിനെയെല്ലാം അതിജീവിച്ചാണ് കേരള പൊലീസ് അതിർത്തി കടന്ന് കേരളത്തിൽ തിരിച്ചെത്തിയത്. വഴിതടയൽ, അപ്രതീക്ഷിത ആക്രമണം എന്നിവ ഇവരുടെ ഭാ​ഗത്തുനിന്നുണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. 30 വർഷം പഴക്കമുള്ള മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്ന കുപ്രസിദ്ധനായ കള്ളനെ പിടികൂടാനായി ഉടൻ തന്നെ കേരള പൊലീസ് വീണ്ടും തിരുട്ട് ​ഗ്രാമത്തിലെത്തും. ഒക്ടോബൽ നാല് മുതലുള്ള പഴുതടച്ച പ്ലാനിങ്ങിന്റെ ഫലമായാണ് ഷൺമുഖനെ പിടികൂടാനായത്.

സ്വകാര്യ വാഹനത്തിൽ മഫ്തിയിലാണ് ഇരുചെവിയറിയാതെ സംഘം തമിഴ്നാട്ടിലെത്തിയത്. കൃത്യമായ വിവരങ്ങൾ നൽകാൻ തമിഴ്നാട് പൊലീസിന് കഴിഞ്ഞതിനാലാണ് പ്രതിയെ പിടിക്കാനായതെന്ന് കേരള പൊലീസ് പറയുന്നു. തിരുട്ട് ​ഗ്രാമത്തിലുള്ളവർ ഇന്ത്യയിലൊട്ടാകെ വൻ മോഷണങ്ങൾ നടത്തുന്നവരാണ്. യു.പി, കൽക്കത്ത, കന്യാകുമാരി, റാഞ്ചി, ഹരിയാന തുടങ്ങി വിവിധയിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരുകളിൽ വൻ മോഷണ കേസുകളുണ്ട്. ഇതിൽ പിടിക്കപ്പെടുന്നവരിൽ പലരും മാനസികാസ്വാസ്ഥ്യം അഭിനയിച്ച് മോഷണ മുതൽ തിരികെ കൊടുത്ത് സേഫായി ഊരിപ്പോകുന്ന സംഭവങ്ങളുമുണ്ടെന്ന് കേരള പൊലീസ് പറയുന്നു.

പാരമ്പര്യമായി ലഭിച്ച കൈ തൊഴിലാണ് ഇവിടെയുള്ളവർക്ക് മോഷണം. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ഇവർ കളവ് നടത്തുന്നത്. കളവ് നടത്തിയത് പൊലീസ് കേസായാൽ കളവ് മുതലുകൾ ഇടനിലക്കാരെ വച്ച് തിരിച്ച് നൽകുകയാണ് പതിവ്. അകത്തു കയറി പ്രതിയെ പൊലീസ് പിടികൂടിയാൽ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാൻ വരെ സഹായിക്കുന്ന സംഘങ്ങൾ‌ തിരുട്ടുഗ്രാമത്തിൽ സജീവമാണ്.

Story Highlights: Kerala Police arrested the thief from Thiruttu Gramam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here