“എന്റെ കലാഷ്‌നിക്കോവ് എന്റെ പേനയാണ്”: യുദ്ധവിരുദ്ധ പോസ്റ്ററുകളുമായി യുക്രൈൻ ആർട്ടിസ്റ്റ്

ഒന്‍പതു മാസത്തിലേറെയായി റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട്. 44 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ദിവസങ്ങൾ കൊണ്ട് കീഴടക്കാമെന്നായിരുന്നു വ്ലാഡിമിർ പുടിൻ കരുതിയത്. യുക്രൈൻ നടത്തിവരുന്ന ധീരമായ പ്രതിരോധത്തിനുമുന്നില്‍ റഷ്യക്ക് അടിപതറുകയാണുണ്ടായത്. എന്നാൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുമെന്ന് ഉറപ്പ്.
യുദ്ധം തകർത്ത രാജ്യത്തുനിന്നും കലാസൃഷ്ടി കൊണ്ട് റഷ്യയ്‌ക്കെതിരെ പോരാടുകയാണ് ഒരു 49 കാരൻ. മൈക്കോള കോവലെങ്കോ എന്ന കലാകാരനാണ് യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് പുടിനെ ചെറുക്കൻ ശ്രമിക്കുന്നത്. 2015 മുതൽ സ്ലോവാക്യയിൽ താമസിക്കുന്ന കോവലെങ്കോ റഷ്യക്കെതിരെ തൻ്റെ പേനയെ ആയുധമാക്കി. ലളിതമായ കലാസൃഷ്ടിയിലൂടെ വലിയ സന്ദേശങ്ങൾ ഈ ഗ്രാഫിക് ആർട്ടിസ്റ്റ് പങ്കുവയ്ക്കുന്നു.

“എൻ്റെ കഴിവ് ഉപയോഗിച്ച് തൽസ്ഥിതിയിൽ മാറ്റം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കലാഷ്‌നിക്കോവ് എന്റെ പേനയാണ്”-മൈക്കോള കോവലെങ്കോ പറയുന്നു. കോവലെങ്കോയുടെ അമ്മയും ഒരു സഹോദരിയും റഷ്യൻ അധിനിവേശത്തിൻ കീഴിലുള്ള തെക്കൻ യുക്രൈനിലെ സപ്പോരിജിയ മേഖലയുടെ ഒരു ഭാഗത്താണ് താമസിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ലഭിക്കുന്ന സന്ദേശത്തിലൂടെയാണ് അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്റെ സുഹൃത്തുക്കളിൽ പലരും റഷ്യക്കാരോട് യുദ്ധം ചെയ്യുന്നു, അവരിൽ ചിലർ ഇതിനകം കൊല്ലപ്പെട്ടു” -യുക്രൈനിലെ സാച്ചി ആൻഡ് സാച്ചി പരസ്യ ഏജൻസിയിൽ ഹെഡ് ഡിസൈനറായിരുന്ന കോവാലങ്കോ പറഞ്ഞു. യുദ്ധം വിതച്ച വിപത്തുകൾ പശ്ചാത്തലമാക്കിയാണ് അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ. യുദ്ധത്തിൻ്റെ നേർക്കാഴ്ച തൻ്റെ പോസ്റ്ററിലൂടെ അദ്ദേഹം മനസിലാക്കി തരുന്നു. വിജയത്തിന് യുക്രൈൻ നൽകേണ്ട വിലയാണ് താൻ പോസ്റ്ററിലൂടെ പറയുന്നതെന്നും കോവലെങ്കോ വ്യക്തമാക്കി.
Story Highlights: My Kalashnikov Is My Pen: Ukraine Artist Wages War With Poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here