ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്ടേഴ്‌സാണ്. വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി. പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും അപര്‍ണയ്ക്ക് നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കൈമാറി.
സംഭവത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു കോശിക്കെതിരെ നടപടിയെടുത്തിരുന്നു. ഡോക്ടറോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയുടെ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരിയാണ് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also: ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം; മെഡിക്കല്‍ കോളജില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി
കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ്ണയും കുട്ടിയുമാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ലേബര്‍ മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: no medical malpractice in alappuzha medical college mother and child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here