2011 മുതൽ 16 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രം

പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. 2011 മുതൽ 16 ലക്ഷത്തിലധികം പേർ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. 2017ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നു. എന്നാൽ ഈ വർഷം ഇത് 183,741 ആയി ഉയർന്നു. വെള്ളിയാഴ്ച വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം രേഖാമൂലം ലോക്‌സഭയെ അറിയിച്ചത്.
2015ൽ 1,31,489 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2016-ൽ 1,41,603 പേരും 2017-ൽ 1,33,049 പേരും മാതൃഭൂമി ഉപേക്ഷിച്ച് വിദേശത്ത് താമസിക്കാൻ തീരുമാനിച്ചു. 2018ൽ ഇത് 1,34,561 ആയിരുന്നെങ്കിൽ 2019ൽ 1,44,017 പേരും 2020ൽ 85,256 പേരും 2021ൽ 1,63,370 പേരും പൗരത്വം ഉപേക്ഷിച്ചു. ഈ വർഷം ഒക്ടോബർ 31 വരെ 1,83,741 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും 2011 മുതൽ ആകെ 16,21,561 പേർ പൗരത്വം ഉപേക്ഷിച്ചെന്നും വി മുരളീധരൻ അറിയിച്ചു.
കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖിന്റെ ചോദ്യത്തിന് മറുപടിയായാണ് ഉത്തരം. ഏതാനും വർഷങ്ങളായി ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും രേഖാമൂലമുള്ള മറുപടിയിൽ പറയുന്നുണ്ട്. മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ ഇന്ത്യൻ പൗരത്വം സ്വീകരിച്ച വിദേശ പൗരന്മാരുടെ എണ്ണം 2015 ൽ 93 ആണ്. 2016 ൽ 153. 2017ൽ 175. 2018ൽ 129. 2019ൽ 113. 2020ൽ 27. 2021ൽ 42. 2022ൽ 60.
Story Highlights: Over 16 Lakh Indians Gave Up Citizenship Since 2011
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here