Advertisement

ബിജെപിയില്‍ രണ്ടും കല്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; വി മുരളീധര വിഭാഗത്തെ വെട്ടിയൊതുക്കി

3 days ago
Google News 3 minutes Read
BJP new list of office bearers explained rajeev chandrasekhar

കേരള ബിജെപിയെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയിരിക്കയാണ് രാജീവ് ചന്ദ്രശേഖര്‍. കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും വി മുരളീധര പക്ഷത്തെ വെട്ടിയൊതുക്കുകയും ചെയ്തുള്ള സംസ്ഥാനഭാരവാഹി പട്ടിക പുറത്തിറക്കി. ഇതോടെ ഒരു കാര്യം വ്യക്തമാക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വി മുരളീധരനും മുന്നോട്ടുകൊണ്ടുപോയ രീതിയിലാരിക്കില്ല പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുകയെന്ന്. (BJP new list of office bearers explained rajeev chandrasekhar)

പ്രഖ്യാപിച്ച നാല് ജനറല്‍ സെക്രട്ടറിമാരില്‍ ആരും വി മുരളീധരന്‍ പക്ഷക്കാരില്ല. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ് അനൂപ് ആന്റണി എന്നിവരാണ് ജന.സെക്രട്ടറിമാര്‍. എം ടി രമേശും, ശോഭാ സുരേന്ദ്രനും കടുത്ത സുരേന്ദ്രന്‍ വിരുദ്ധരാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയും ഉള്‍പ്പെടുന്നുണ്ട്. ഷോണ്‍ജോര്‍ജ്, അഡ്വ വി ഗോപാലകൃഷ്ണന്‍, കെ കെ അനീഷ് കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, സി കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാര്‍.ഷോണ്‍ജോര്‍ജ്, അനൂപ് ആന്റണി എന്നിവരെ സംസ്ഥാന ഭാരവാഹിയാക്കിയതിലൂടെ പാര്‍ട്ടിയിലെ ക്രൈസ്തവ മുഖമായി ഇവര്‍ മാറും.

Read Also: വി.മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക

രാജീവ് ചന്ദ്രശേഖറിന്റെ വരവില്‍ ഏറ്റവും കൂടുതല്‍ ഭയന്നിരുന്ന രണ്ട് നേതാക്കളായിരുന്നു വി മുരളീധരനും കെ സുരേന്ദ്രനും. തൃശ്ശൂരില്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും പങ്കെടുപ്പിച്ചിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധം ഇരു നേതാക്കളും രേഖപ്പെടുത്തുകയും ദേശീയ നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖരന് പൂര്‍ണ പിന്തുണ നല്‍കി. രാഷ്ട്രീയം പറയുന്നില്ലെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയം സംസ്ഥാനത്ത് ഗുണം ചെയ്യില്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങളില്‍ കെ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടിയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് സംസ്ഥാന അധ്യക്ഷന്‍ ചെവികൊടുക്കുന്നതെന്നും, ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമായിരുന്നു ഇരു നേതാക്കളുടേയും ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ മറുപടി പറയാന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ല.

കേരളത്തിലെ ബിജെപിയെ പ്രതിരോധത്തിലാക്കിയ നിരവധി ആരോപണങ്ങള്‍ മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. കൊടകര കുഴല്‍പ്പണക്കേസും, കാസര്‍കോട്ടെ സുന്ദരകേസും വയനാട്ടിലെ സി കെ ജാനുവിന് സ്ഥാനാര്‍ത്ഥിയാവുന്നതിന് കോഴ കൊടുത്തുവെന്ന കേസും ബി ജെ പിയെ പ്രതിരോധത്തിലാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമായി ഉയര്‍ന്ന ആരോപണങ്ങള്‍, ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടതും ബിജെപിയിലെ വി മുരളീധരന്‍- കെ സുരേന്ദ്രന്‍ ടീമുമായുണ്ടായ അഭിപ്രായഭിന്നതയുമെല്ലാം കേന്ദ്രനേതൃത്വം വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്.

കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമായാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയേല്‍പ്പിച്ചത്. ബിജെപി ദേശീയ നേതൃത്വം ഏറെക്കാലമായി കേരളത്തിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ചിലനേതാക്കളുടെ മേല്‍ക്കോയ്മയും ഇല്ലാതാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സംസ്ഥാന ഭാരവാഹിപട്ടികയില്‍ വി മുരളീധര പക്ഷത്തെ വെട്ടിയൊതുക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ സുരേന്ദ്രനുമായി അകല്‍ച്ചയിലായിരുന്ന എം ടി രമേഷും, ശോഭാ സുരേന്ദ്രനും താക്കോല്‍ സ്ഥാനത്തെത്തുന്നതും മാറ്റത്തിന്റെ തുടക്കമായാണ് എതിര്‍പക്ഷക്കാര്‍ വിലയിരുത്തുന്നത്.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള ശക്തമായ നീക്കത്തിലാണ് സംസ്ഥാന അധ്യക്ഷന്‍. ലക്ഷ്യം കൈവരിക്കണമെങ്കില്‍ വിശ്വസ്തരെ അണിനിരത്തണം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. ഇപ്പോള്‍ പാലക്കാട്, പന്തളം നഗരസഭാഭരണം ബി ജെ പിക്കാണ്. ഇത് നിലനില്‍ക്കുകയും ഒപ്പം കൂടുതല്‍ നഗരസഭകളുടെ ഭരണം പിടിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

Story Highlights : BJP new list of office bearers explained rajeev chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here