ക്രൊയേഷ്യയ്‌ക്കെതിരായ തോല്‍വി; പിന്നാലെ ടിറ്റെ പടിയിറങ്ങുന്നു

ക്രൊയേഷ്യയോട് പൊരുതിതോറ്റതോടെ ബ്രസീലിന്റെ സെമി സ്വപ്‌നങ്ങള്‍ പൊലിഞ്ഞതിന് പിന്നാലെ ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി. പോരാട്ടത്തിനുശേഷം എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ ടിറ്റെ താന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ടിറ്റെ മുന്‍പുതന്നെ അറിയിച്ചിരുന്നു. താന്‍ വാക്കുപാലിക്കുകയാണെന്നും കാലയളവ് അവസാനിച്ചെന്നും ടിറ്റെ പറഞ്ഞു. (Tite leaves Brazil coach role after World Cup exit)
ദുംഗയെ മാറ്റിയതിന് ശേഷം 2016 മുതല്‍ ബ്രസീലിന്റെ പരിശീലകനായി തുടരുന്ന ടിറ്റെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ലോകകപ്പിന് ശേഷം താന്‍ സ്ഥാനമൊഴിയുമെന്ന് അറിയിച്ചിരുന്നു. തന്റെ കരിയറില്‍ ലോകകപ്പ് മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും ബാക്കിയെല്ലാം താന്‍ നേടിക്കഴിഞ്ഞെന്നുമായിരുന്നു ടിറ്റെ പ്രഖ്യാപിച്ചിരുന്നത്. 2019ല്‍ ബ്രസീല്‍ കോപ്പ അമേരിക്ക കിരീടം നേടിയത് ഉള്‍പ്പെടെ ടിറ്റെയുടെ പരിശീലനത്തിന് കീഴിലായിരുന്നു.
Read Also: അര്‍ജന്റീനയില്ലാതെ എന്ത് സെമി? നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മെസിപ്പട
ഫിഫ ലോകകപ്പില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചാണ് ക്രൊയേഷ്യ സെമിയില്‍ കടക്കുന്നത്. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4 -2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോള്‍രഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയും ചെയ്തതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
Story Highlights: Tite leaves Brazil coach role after World Cup exit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here