സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; പരിശോധിക്കുന്നത് ഗൂഗിൾ പേ ഉൾപ്പടെയുള്ള ഓൺലൈൻ പണം കൈമാറ്റം

ഓപ്പറേഷൻ പഞ്ചി കിരൺ 2ന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി. വിജിലൻസാണ് 54 ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ആദ്യഘട്ട പരോശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമതും പരിശോധന നടത്തിയത്. ഗൂഗിൾ പേ ഉൾപ്പടെ ഓൺലൈൻ പണം കൈമാറ്റമാണ് ഇത്തവണ പരിശോധിക്കുന്നത്. ( Operation Panchi Kiran Sub-Registrar Offices Google Pay ).
ആദ്യഘട്ട വിജിലൻസ് റെയ്ഡിൽ ഒന്നര ലക്ഷത്തോളം രൂപയാണ് വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്ന് പിടിച്ചെടുത്തത്. മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽനിന്ന് 2,1000 രൂപയുമാണ് വിജിലൻസ് പിടിച്ചെടുത്തത്.
ആദ്യഘട്ട പരിശോധനയിൽ പല ഓഫിസുകളിലും റിക്കോർഡ് റൂമിൽനിന്നും തുക കണ്ടെത്തിയിരുന്നു. പത്തനംതിട്ട റാന്നി റെക്കോർഡ് റൂമിൽ നിന്നും ബുക്കുകൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ 6,740 രൂപയാണ് പിടിച്ചെടുത്തത്. എറണാകുളം മട്ടാഞ്ചേരി – 6240, ആലപ്പുഴ – 4,000, കോട്ടയം പാമ്പാടി – 3,650, തൃശൂർ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി – 1,000, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ – 1,420 രൂപ എന്നിങ്ങനെയാണ് കണ്ടെടുത്തത്.
വിജിലൻസ് ടീമിനെ കണ്ട് ആലപ്പുഴ സബ് രജിസ്ട്രാർ 1,000 രൂപ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കിൽപ്പെടാത്ത 4,000 രൂപയും കണ്ടെത്തിയിരുന്നു. മലപ്പുറം മേലാറ്റൂർ ഓഫീസിലെ ക്ലാർക്കിന്റെ മേശ വിരിപ്പിൻറെ അടിയിൽ നിന്നും 3210 രൂപയായിരുന്നു കണ്ടെത്തിയത്. എറണാകുളം ഇടപ്പള്ളി ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും കണ്ടെത്തിയിരുന്നു.
Story Highlights: Operation Panchi Kiran Sub-Registrar Offices Google Pay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here