മന്ത്രി വി. മുരളീധരൻ നിതിൽ ഗഡ്കരിയെ മാതൃകയാക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പോസിറ്റീവ് ആകണമെന്നും വികസന കാര്യത്തിൽ നിതിൽ ഗഡ്കരിയെ മാതൃകയാക്കണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദമുണ്ടാക്കാനല്ല വികസനം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിതിൻ ഗഡ്കരിയുടെ നൂറിലൊന്ന് താൽപര്യമെങ്കിലും വികസനകാര്യത്തിൽ മുരളീധരൻ കാണിക്കാൻ തയ്യാറാവണം. സംസ്ഥാന സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കണം. കപ്പടിക്കാനല്ല, വികസനമാണ് ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ( PA Mohammed Riyas criticizes V Muraleedharan ).
കഴക്കൂട്ടം മേൽപ്പാലം വന്നത് ബിജെപി നൽകിയ നിവേദനത്തെ തുടർന്നാണെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വലിയ പദ്ധതി സമ്മാനിച്ച പ്രധാനമന്ത്രിക്കും നിതിൻ ഗഡ്കരിക്കും നന്ദി പറയുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രം നൽകുന്നത്. സമയബന്ധിതമായി കഴക്കൂട്ടം മേൽപ്പാലം പൂർത്തിയാക്കിയതിനും നിതിൻ ഗഡ്കരിയോട് നന്ദി പറയുകയാണ്. ദേശീയപാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ടൂറിസം മേഖലയുടെ വികസനത്തിന് മികച്ച റോഡുകൾ വേണമെന്ന് മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. കേരളത്തിൽ വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണ്. ഭൂമി ഏറ്റെടുക്കലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശശി തരൂരാണ് ദേശീയ പാത വികസനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടത്. ദേശീയ പാത വികസനം വഴി കേരളത്തിന്റെ മുഖച്ഛായ മാറും. കേരളത്തിലൂടെ വ്യവസായ ഇടനാഴി കടന്നുപോകുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുബൈ – കന്യാകുമാരി വ്യാവസായിക – സാമ്പത്തിക ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. അരൂർ ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതാണ്. ഇതിന് പുറമെ കൊച്ചി – തൂത്തുക്കുടി ഇടനാഴിയും നിലവിൽ വരും. മൈസൂർ – മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേത്. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വളരെ പ്രധാനപ്പെട്ടതാണെന്നും 2023 മാർച്ചിന് മുൻപ് പദ്ധതിക്ക് പണം നൽകുമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.
Story Highlights: PA Mohammed Riyas criticizes V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here