‘എയ്ഞ്ജല്‍ മെസി’; ഫ്രാൻസിനെതിരെ അർജന്റീനയുടെ ഇരട്ടി പ്രഹരം, ആദ്യപകുതിയിൽ മുന്നിൽ (2-0)

കലാശ പോരിന്റെ മുഴുവൻ ചൂടും ആവേശവും നിറഞ്ഞ മത്സരത്തിൻ്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസിനെതിരെ അർജന്റീന രണ്ടു ഗോളിന് മുന്നിൽ. മെസ്സി, ഡി മരിയ എന്നിവരാണ് ഫ്രഞ്ച് വല കുലുക്കിയത്. മെസിയുടെ വകയായിരുന്നു ആദ്യ ഗോൾ. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയെന്ന റെക്കോർഡും മെസി സ്വന്തമാക്കി.
മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസ് ബോക്സിലേക്ക് അർജന്റീനിയൻ ആക്രമണങ്ങൾ ഇരമ്പി. മൂന്നാം മിനിറ്റിൽ ഫ്രാൻസ് ബോക്‌സിന് സമീപം അൽവാരസിന് മികച്ച അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അഞ്ചാം മിനിറ്റിൽ ഫ്രാൻസ് പ്രതിരോധം വരുത്തിയ പിഴവിലൂടെ മുന്നിലെത്താൻ അർജന്റീനിയൻ ശ്രമം. 25 യാർഡ് അകലെ നിന്നുള്ള മാക് അലിസ്റ്ററിൻ്റെ ലോംഗ് റേഞ്ചർ ഫ്രഞ്ച് കീപ്പർ ലോറിസിൻ്റെ കൈയ്യിലേക്ക്.
ഫ്രാൻസ് ബോക്സിലേക്ക് അർജന്റീനിയൻ ആക്രമണങ്ങൾ തുടർന്നു. പതിനാലാം മിനിറ്റിൽ അർജന്റീന ബോക്‌സിന്റെ ഇടതുവശത്ത് എംബാപ്പെ പന്ത് നേടുന്നു. അതിവേഗ നീക്കത്തിനുള്ള അവസരം തുടക്കത്തിൽ തന്നെ അർജന്റീനയുടെ മികച്ച പ്രതിരോധം സുഖകരമായി തടയുന്നു. പ്രത്യാക്രമണത്തിൽ ബോക്‌സിന് മുകളിൽ നിന്ന് ഡി മരിയ ഉതിർത്ത ഷോട്ട് ഫ്രാൻസിന്റെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇരുപതാം മിനിറ്റിൽ ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള സുവർണ്ണാവസരം ജിറൂദ് പാഴാക്കി.
21 ആം മിനിറ്റിൽ ലോകം കാത്തിരുന്ന ഗോൾ പിറന്നു. ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി. 12 ഗോളുമായി ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ പെലെയ്‌ക്കൊപ്പമാണ് മെസ്സി ഇപ്പോൾ. ഇടത് വശത്ത് ഫ്രാൻസിന്റെ തലവേദന വർധിപ്പിച്ച് ഡി മരിയയുടെ മുന്നേറ്റങ്ങൾ തുടർന്ന് കൊണ്ടിരുന്നു. 36 ആം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. അധിക സമയം ലഭിച്ചിട്ടും നിലവിലെ ചാമ്പ്യന്മാർക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
Story Highlights: Angel di Maria Puts Argentina 2-0 Ahead vs France
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here