തോൽവിയിലും താരമായി എംബാപേ, 1966ന് ശേഷം ഫൈനലിൽ ഹാട്രിക് ഗോൾ

കിലിയൻ എംബാപേ 24ാം വയസിൽ മികച്ച ഗോൾ വേട്ടക്കാരന്റെ ഉയരങ്ങളിലേക്ക്. ഖത്തർ ലോകകപ്പിൽ എണ്ണം പറഞ്ഞ 8 ഗോളുകളാണ് എംബാപേ തൊടുത്തുവിട്ടത്. 1966ന് ശേഷം ഒരു താരം ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്നത്. അത് മറ്റാരുമല്ല, സാക്ഷാൽ കിലിയൻ എംബാപേ തന്നെ. മെസി, റോണാൾഡോ യുഗത്തിന് ശേഷം ഫുട്ബോൾ ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം കൂടിയാവുകയാണ് എംബാപേ. ഫൈനലിന്റെ നിശ്ചിത സമയത്തിൽ തന്നെ തോറ്റുപോകുമെന്നുറപ്പിച്ച ഫ്രാൻസിനെ അവസാന ശ്വാസം വരെയും പൊരുതുന്ന തരത്തിലേക്ക് എത്തിച്ചത് ഈ പോരാളിയാണ്. ( fifa world cup Kylian Mbappe France ).
മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങൾക്ക് മീതേയാണ് ലുസൈൽ സ്റ്റേഡിയത്തിൽ മിശിഹായും മാലാഖയും ഉദിച്ചുയർന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് അർജന്റീന. മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ നിക്ഷേപിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയിൽ.
Read Also: ‘അസാധ്യമായി ഒന്നുമില്ല,ഞാൻ തയ്യാർ,’ നമുക്ക് ഒന്നിച്ച് പൊരുതി വിജയിക്കാം: ലയണൽ മെസി
ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളിലും ഡി മരിയ ടച്ച് ഉണ്ടായിരുന്നു. ലയണൽ മെസി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടുകയും ചെയ്ത മരിയ ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി. മെസിയുടെ വകയായിരുന്നു ആദ്യ ഗോൾ. മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുന്നേറിയ ഡീമരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു. ഒരു ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലം ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി.
ആദ്യ ഗോളിന്റെ ആവേശത്തിൽ പൊരുതിയ അർജന്റീന 10 മിനിറ്റ് കൂടി പിന്നിടുമ്പോഴേയ്ക്കും ലീഡ് വർധിപ്പിച്ചു. 36 ആം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. നീലയും വെള്ളയും നിറഞ്ഞ കുപ്പായത്തില്‍ മെസിയെന്ന അദ്ഭുതത്തെ ഇനി കാണാന്‍ പറ്റിയെന്ന് വരില്ല. അനുകൂലിക്കാം, എതിർക്കാം…എന്തു തന്നെയായാലും ഇത് ലയണൽ മെസിയുടെ ലോകകപ്പാണ്. 36 വർഷമായി രാജ്യം കാത്തിരിക്കുന്ന ശുഭവാർത്തയിലേക്കു മെസി ഓടിക്കയറുമ്പോൾ, ഡിയേഗോ മറഡോണയുടെ ആവേശവും വിജയതൃഷ്ണയും ചൈതന്യവും തെളിഞ്ഞു കണ്ടെങ്കിൽ ആശ്ചര്യപ്പെടേണ്ടതില്ല.
ലുസൈൽ സ്റ്റേഡിയത്തിൽ സുവര്‍ണ ബൂട്ട് കെട്ടി പച്ചപ്പുല്‍മൈതാനത്ത് പോരിനിറങ്ങുമ്പോൾ മെസ്സിയുടെ മനസ്സിൽ ഒന്നുമാത്രം, 1986 ല്‍ സാക്ഷാല്‍ മറഡോണ സമ്മാനിച്ച ലോകകിരീടത്തിന് ശേഷം അര്‍ജന്റീനയ്ക്കൊരു സുവര്‍ണ കിരീടം. ലുസൈലിൽ ആർത്തിരമ്പിയ നീലകടൽ സാക്ഷിയാക്കി വിജയത്തിൻ്റെ ചൂണ്ടുവിരലുകൾ അദ്ദേഹം ആകാശത്തേക്ക് ഉയർത്തി. ഫുട്ബോളിനെ നെഞ്ചേറ്റിയത് മുതല്‍ കണ്ട കിനാവിന്റെ സാക്ഷാത്കാര നിമിഷം. തുന്നിക്കൂട്ടി വച്ച സ്വപ്നങ്ങളുമായായി ഖത്തറില്‍ വിമാനമിറങ്ങിയ മിശിഹാ രാജ്യത്തിന് വേണ്ടി, തന്നെ ആരാധിക്കുന്ന പ്രിയപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ലോകകിരീടം ചൂടിയാണ് അര്‍ജന്റീനയിലേക്ക് മടങ്ങുന്നത്.
Story Highlights: fifa world cup Kylian Mbappe France
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here