കണ്ണൂരിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും കാടുകയറി നശിക്കുന്നു

കണ്ണൂർ പഴയങ്ങാടിയിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും കാടുകയറി നശിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രയോജനരഹിതമായിക്കിടക്കുന്നത്. വൻ തുക മുടക്കിയ പദ്ധതി സംരക്ഷിക്കാൻ ഇടപെടൽ ഇല്ലെന്നാണ് ആക്ഷേപം.
കണ്ണൂർ പഴയങ്ങാടി രാമപുരത്ത് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും അവഗണയുടെ കയത്തിൽ. പദ്ധതിക്കായി പൊടിച്ചത് 1.35 കോടി രൂപ. കെഎസ്ടിപിക്കായിരുന്നു പദ്ധതി നിർവഹണ ചുമതല. ജി സുധാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ 2020ലാണ് നിർമ്മാണം പൂർത്തീകരിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നുവെങ്കിലും പദ്ധതി ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നു നൽകാനായില്ല. പാർക്കിൽ ഒരുക്കിയ പൂന്തോട്ടം കാടുകയറി നശിച്ചു. ഇരിപ്പിടങ്ങളും ശുചിമുറികളും കുട്ടികൾക്കായുള്ള കളിസ്ഥലവും നാശത്തിന്റെ വക്കിലാണ്.
കെഎസ്ടിപി റോഡ് വിഭാഗം രണ്ട് തവണ നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ നടപ്പിലായില്ല. വൻതുക മുടക്കി ഒരുക്കിയ കേന്ദ്രം സംരക്ഷിക്കാനോ ശുചീകരിക്കാനോ പോലും യാതൊരു ഇടപെടലും ഇല്ല. ഇനിയിത് നവീകരിക്കുന്നതിനും വേണം വൻതുക. യാതൊരു ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെ ലക്ഷങ്ങൾ ഇങ്ങനെ വഴിയരികിൽ കുഴിച്ചിടുക. ഉദ്ഘാടന മാമാങ്കം കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കാതിരിക്കുക. ഉടൻ ശരിയാകുമെന്ന പതിവ് പല്ലവിയും.
Story Highlights: kannur park rest house damage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here