എഫ്.ടി.എക്സ് മുൻ മേധാവി സാം ബാങ്ക്മാൻ ഫ്രൈഡിന് ജാമ്യം

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്.ടി.എക്സിന്റെ മുൻ മേധാവി സാം ബാങ്ക്മാൻ ഫ്രൈഡിന് ജാമ്യം. ഉപാധികളോടെയാണ് മാൻഹട്ടനിലെ ഫെഡറൽ കോടതി ജാമ്യം അനുവദിച്ചത്. 250 മില്യൺ ഡോളർ ബോണ്ടും കാലിഫോർണിയയിലെ മാതാപിതാക്കളോടൊപ്പം വീട്ടുതടങ്കലിൽ കഴിയണമെന്നും യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ഗബ്രിയേൽ ഗോറൻസ്റ്റൈൻ പുറപ്പെടുവിച്ച ജാമ്യ ഉത്തരവിൽ പറയുന്നു.
ഡിസംബർ 12 ന് യു.എസ് സർക്കാരിന്റെ അഭ്യർഥനപ്രകാരം ബഹാമസിൽ വച്ചായിരുന്നു സാം ബാങ്ക്മാൻ ഫ്രൈഡിനെ അറസ്റ്റ് ചെയ്തത്. ബഹാമാസിൽ നിന്ന് കൈമാറിയതിന് ശേഷം ബാങ്ക്മാൻ ഫ്രൈഡ് അമേരിക്കയിൽ എത്തി മണിക്കൂറുകൾക്ക് ശേഷമാണ് മാൻഹട്ടനിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരായത്. ജാമ്യ വ്യവസ്ഥയ്ക്ക് കീഴിൽ പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കൂടാതെ $1000-ന് മുകളിൽ ചെലവാക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. ബാങ്ക്മാൻ ഫ്രൈഡിൻ്റെ ചലനങ്ങൾ മനസിലാക്കാൻ ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാകുന്നതിൽ പരാജയപ്പെടുകയോ മറ്റേതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഭീമമായ ബോണ്ട് അടയ്ക്കുന്നതിന് മാതാപിതാക്കളും ബാധ്യസ്ഥരായിരിക്കുമെന്നും ജഡ്ജി ഗബ്രിയേൽ ഡബ്ല്യു ഗോറൻസ്റ്റൈൻ ബാങ്ക്മാൻ-ഫ്രൈഡിന് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞമാസം എഫ്.ടി.എക്സിന്റെ തകർച്ചയെത്തുടർന്ന് ഫ്രൈഡ് രണ്ടുരാജ്യങ്ങളുടെ ക്രിമിനൽ അന്വേഷണത്തിന് വിധേയമായിരുന്നു. നവംബർ 11-ന് സ്ഥാപനം പാപ്പരത്തഹർജി നൽകി. കമ്പനിയുടെ നിലവിലെ സി.ഇ.ഒ ജോൺ റേ മൂന്നാമനൊപ്പം ഹൗസ് ഫിനാൻഷ്യൽ സർവീസസ് കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകാനിരിക്കെയാണ് ഫ്രൈഡിന്റെ അറസ്റ്റ്. യു.എസ് സെക്യൂരിറ്റീസ് നിയമം ലംഘിച്ചതിന് ബാങ്ക്മാൻ ഫ്രൈഡിന്റെ പേരിൽ കുറ്റംചുമത്താനും പദ്ധതിയിടുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ പറഞ്ഞു.
Story Highlights: Sam Bankman-Fried to Be Released on $250 Million Bond With Restrictive Terms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here