‘വായ്പയെടുക്കൂ, അധികാരത്തിലെത്തിയാൽ എഴുതിത്തള്ളാം’: കർഷകരോട് കർണാടക എംഎൽഎ

സംസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയാൽ കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യയും ജെഡി(എസ്) എംഎൽഎയുമായ അനിത കുമാരസ്വാമി. കർഷകർക്ക് ആവശ്യമുള്ളത്ര വായ്പയെടുക്കാൻ അഭ്യർത്ഥിച്ച അനിത 24 മണിക്കൂറിനുള്ളിൽ എല്ലാ വായ്പകളും എഴുതിത്തള്ളുമെന്നും വാഗ്ദാനം ചെയ്തു.
“അധികാരത്തിൽ വന്ന് 24 മണിക്കൂറിനുള്ളിൽ വായ്പ എഴുതിത്തള്ളുമെന്ന് കുമാരണ്ണ [കുമാരസ്വാമി] വാഗ്ദാനം ചെയ്തിരുന്നു. നിങ്ങൾ എത്ര വേണമെങ്കിലും വായ്പയെടുക്കുക. 24 മണിക്കൂറിനുള്ളിൽ എല്ലാ വായ്പകളും എഴുതിത്തള്ളും.. ഒരു പ്രശ്നവുമില്ല”- ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് അനിത കുമാരസ്വാമി പറഞ്ഞു. അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ജെഡി(എസ്) ഒരുങ്ങുന്നതിനിടെയാണ് പരാമർശം.
മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും പാർട്ടിയുടെ യുവജന വിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമിയെ 2023ലെ തെരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ജെഡി(എസ്) നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ-മെയ് മാസത്തോടെ നടക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാർട്ടിയാണ് ജെഡി(എസ്).
Story Highlights: Take loans will waive off once in power: Karnataka JD(S) MLA to farmers