തങ്ക അങ്കി രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു

മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഈ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. ഇന്ന് രാവിലെ അഞ്ചു മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ തങ്ക അങ്കി ദർശിക്കാൻ ഭക്തജനങ്ങൾക്ക് അവസരമൊരുക്കിയ ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്.
27ന് ഉച്ചക്കാണ് 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് സന്നിധാനത്ത് ശ്രീകോവിലിൽ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ. ആദ്യദിവസം രാത്രി നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രത്തിലും രണ്ടാം ദിവസം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മൂന്നാം ദിവസം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാലാം ദിവസം പെരുനാട് ശാസ്താ ക്ഷേത്രത്തിലുമാണ് രാത്രി വിശ്രമം.
26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.
Story Highlights: Thanka Anki procession will leave from Aranmula
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here