നൂറാം ടെസ്റ്റിൽ ഇരുനൂറ്; ചരിത്രം കുറിച്ച് ഡേവിഡ് വാർണർ

തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ 16 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 200 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി.
ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 189 റൺസിന് ഓൾ ഔട്ടായിരുന്നു. വാർണറിൻ്റെ ഇന്നിംഗ്സ് മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 386 റൺസാണ് ഓസ്ട്രേലിയ ഇതുവരെ നേടിയത്. ഉസ്‌മാൻ ഖവാജ (1), മാർനസ് ലബുഷെയ്ൻ (14) എന്നിവർ വേഗം പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ വാർണറും സ്റ്റീവ് സ്‌മിത്തും (85) ചേർന്ന 239 റൺസ് കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് മേൽക്കൈ സമ്മാനിക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (48), അലക്സ് കാരി (9) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.
Story Highlights: david warner double hunderd south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here