Advertisement

സൗദിയിൽ ഇനി മഞ്ഞ് പെയ്യും കാലം; തണുപ്പ് കൂടും

December 27, 2022
Google News 3 minutes Read

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാൻ തുടങ്ങി. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് താപനിലയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്‌. തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ-ലൗസ്, അലഖാൻ അൽ-ദഹർ, സൗദിയുടെ വടക്കൻ അതിർത്തിയിലെ അറാർ, തുറൈഫ്, അൽ-ഹസം, അൽ-ജലാമിദ് എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ച സാധ്യത നിലനിൽക്കുന്നത്. അൽ ജൗഫ് പ്രവിശ്യയിലെ ഖുറയാത്തിലും മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ട്.

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിലും അൽ ഖുറയ്യാത്തിലുമാണ്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ താപനില. സൗദി അറേബ്യയിലെ ഏറ്റവും തണുപ്പുള്ള നഗരമായ തുറൈഫിൽ കുറഞ്ഞ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. തുറൈഫിലെ വിശാലമായ സമതലങ്ങളിലും പർവതങ്ങളിലും ‘വെളുത്ത കടൽ’ പോലെ മഞ്ഞു പടരുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഈ കാലാവസ്ഥയിൽ പല രാത്രികളിലും ഇവിടങ്ങളിൽ മഞ്ഞ് വീണുകൊണ്ടിരുക്കും. സന്ദർശകർക്ക് അവിസ്​മരണീയമായ അനുഭവം പകരുന്നതാണ് സൗദിയിലെ മഞ്ഞ് പൊഴിയുന്ന പ്രദേശങ്ങൾ.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

അതേസമയം വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക്, അൽ-വജ്, ദുബ, ഉംലുജ്, ഷർമ, തൈമ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, മക്ക, റാബിഗ്, താഇഫ്, ജുമും, അൽ-കമൽ, ഖുലൈസ്, മക്ക മേഖലയിലെ ബഹ്‌റ, മദീന മേഖലയിലെ അൽ-അയ്സ്, ബദർ, യാംബു, അൽ-ഉല, ഖൈബർ, അൽ-മഹ്ദ്, വാദി അൽ-ഫറ, ഹനാകിയ, ദക്ഷിണ മേഖലയിലെ അൽ-ബാഹ, ബൽജുറാഷി, അൽ-മന്ദഖ്, അൽ-ഖുറ, ഖിൽവ, അൽ-മഖ് വ എന്നിവിടങ്ങളിലും മഴ പെയ്തേക്കും. ഹാഇൽ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും ഞായറാഴ്ച മുതൽ മിതമായ തോതിൽ മഴ പെയ്യുന്നുണ്ട്.

Story Highlights: Snowfall season begins in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here