സമ്മാനം 10 കോടി റിയാൽ; സൗദിയിൽ കിംഗ് അബ്ദുൾ അസീസ് ഒട്ടകോത്സവത്തിന് തുടക്കം

സൗദി ക്യാമൽ ക്ലബ് സംഘടിപ്പിക്കുന്ന കിംഗ് അബ്ദുൾ അസീസ് ഒട്ടകോത്സവത്തിന് റിയാദിൽ തുടക്കം. ഒട്ടകങ്ങൾ പങ്കെടുക്കുന്ന വിവിധ മത്സരങ്ങൾക്ക് 10 കോടി റിയാൽ സമ്മാനം വിതരണം ചെയ്യും. ലോകത്തെ ഏറ്റവും വലിയ ഒട്ടകോത്സവം കാണാൻ വിദേശ രാജ്യങ്ങളിലുളളവരും എത്തിയിട്ടുണ്ട്. ( saudi camel fest began )
അറബ് നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് ഒട്ടകങ്ങൾ. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടമേള. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിന്നും വിദേശങ്ങളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ഒട്ടകങ്ങളെ എത്തിച്ചിട്ടുണ്ട്.
ഒട്ടകയോട്ടം, ഒട്ടക സൗന്ദര്യം തുടങ്ങി വിവിധ മത്സരങ്ങളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്. നിറം, തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ എന്നിവ വിലയിരുത്തിയാണ് സൗന്ദര്യ മത്സരത്തിലെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒട്ടകങ്ങളെ സ്വന്തമാക്കാൻ ലേലവും പരേഡും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സൗദിയിൽ വിനോദ സഞ്ചാരികളായി എത്തുന്ന വിദേശികളെ റിയാദ് ബോളീവർഡിൽ നിന്ന് ഒട്ടകമേള നടക്കുന്ന റുമ ഗവർണറേറ്റിലേക്ക് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം വേദിക്ക് പുറത്ത് പ്രാദേശിക ഉത്സവത്തിന്റ അനുഭവം സമ്മാനിക്കുന്ന വിപണിയും കലാ പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒട്ടകമേള ജനുവരി 15ന് അവസാനിക്കും.
Story Highlights: saudi camel fest began
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here