രാഷ്ട്രീയ കൗതുകം – 08 | നെറ്റിയിൽ കുറി തൊടുന്ന വിധം

കുറി തൊടുന്നവരെ മൃദുഹിന്ദുത്വത്തിന്റെ പേരുപറഞ്ഞ് അകറ്റി നിർത്തരുതെന്ന് ആന്റണി സാർ പറയുകയും, ബാക്കി നേതാക്കൾ അതിന് ‘യെസ്’ വെയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ, കുറി തൊടാൻ സന്നദ്ധരായ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികൾക്ക് അബദ്ധം പിണയാതിരിക്കാൻ പൊതുജനതാല്പര്യാർഥം പ്രസിദ്ധീകരിക്കുന്നത്. (chandana kuri a political analysis)
കുറികൾ പലതരത്തിലുണ്ട്. ഒരോന്ന് തൊടുന്നതിനും ചില ചിട്ടവട്ടങ്ങളും ഉണ്ട്. അവ ഒന്നൊന്നായി നോക്കാം.
ഗോപിക്കുറി
അടപടലം പൊട്ടിയ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ കുറി നല്ല ചേർച്ച ആയിരിക്കും. ഇതിന് പുറമേ, കാത്തുവച്ച സീറ്റ് നഷ്ടം, സിറ്റിംഗ് സീറ്റിലെ തോൽവി, പുന:സംഘടനയിലെ അവഗണന എന്നിവയെ എല്ലാം പ്രതീകവൽകരിക്കാനും ഗോപിക്കുറിയാണ് ഉത്തമം. നെറ്റിയിൽ ലംബമായി അണിയുന്നതാണ് ഗോപിക്കുറി. പതിവായി തൊട്ട് മത്സരിച്ചാൽ ഭൂരിപക്ഷ മേഖലകളിൽ ജയസാദ്ധ്യത കൂടുമെന്നാണ് ശാസ്ത്രം.
സുരേഷ് ‘ഗോപിക്കുറി’
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ കുറി തൊട്ട് ശീലിക്കാവുന്നതാണ്. മത്സരിച്ച് ജയിക്കുക ബുദ്ധിമുട്ടാണെങ്കിലും മത്സരിക്കാതെ എം.പിവരെയാകാനുള്ള ഭാഗ്യം ഉണ്ടാകും. ഭാഗ്യം സാഷേ പാക്കറ്റല്ല, കോംബോ സൈസ് ആണെങ്കിൽ മിസോറോം ഗവർണർ വരെ ആയേക്കാം.
ഉണ്ണിത്താൻസ് കുറി
ഉണ്ണിത്താൻസ് കുറി പ്രാദേശികമായി മാജിക് കുറി, മാന്ത്രികക്കുറി, അത്ഭുതക്കുറി എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കൻ കേരളത്തിൽനിന്ന് തീവണ്ടി കയറുമ്പോൾ ഈ കുറി തിരുനെറ്റിയിൽ കാണും. പക്ഷേ, മലബാറിൽ ചെന്ന് വണ്ടിയിറങ്ങുമ്പോൾ കുറി ‘വാനിഷ്ട്’ ആകും. പിന്നെ ആ നെറ്റി കണ്ടാൽ ജന്മത്ത് കുറി തൊട്ടിട്ടുണ്ടെന്ന് തോന്നില്ല. ഇലക്ഷനിൽ വിജയം ഉറപ്പിക്കാൻ ഈ മായുംകുറി ഉപകാരപ്രദമായതിനാൽ ‘ഭാഗ്യക്കുറി’ എന്നും ഇത് അറിയപ്പെടുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിന് ‘വോട്ടുകുറി’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തൊടുന്നതിനേക്കാൾ മായിക്കുമ്പോഴായിരിക്കും ഫലം കിട്ടുക എന്നത് ഈ കുറിയുടെ മാത്രം സവിശേഷതയാണ്.
തരൂർക്കുറി
ഇത് ഒരു തരം ‘കുറി’ച്ചിട്ടിയാണ്. ഇന്ന കുറി എന്നൊന്നുമില്ല. ചന്ദനം, കുങ്കുമം, ഭസ്മം എന്നിവയെന്തും തരാതരം പോലെ തൊടാം. ഫോട്ടോയെടുപ്പും വീഡിയോ എഴുന്നെള്ളിപ്പും ഉള്ള സ്ഥലങ്ങളിലാണ് ഇതിന്റെ ഗുണം കിട്ടുന്നത്. അതും ഉടനടി ഗുണം കിട്ടില്ല. അയ്യഞ്ച് വർഷം കൂടുമ്പോൾ കുറിയൊന്നിന് ആയിരം എന്ന കണക്കിൽ വോട്ടു വീഴും. സാക്ഷാൽ കുമ്മനത്തിന്റെ നെടുനീളൻ കുറിയെ വരെ തറപറ്റിച്ചെങ്കിൽ ഒന്നുറപ്പിക്കാം; തരൂർക്കുറി ഫ്ലവറല്ല ഫയറാണ്. (മണ്ഡലത്തിന്റെ സാമുദായിക സമവാക്യം അറിയാതെ ഈ കുറി തൊട്ടാൽ, ഗുണത്തെക്കാൾ അധികം ദോഷമായിരിക്കും ഭവിക്കുക.)
രാഹുൽക്കുറി
ഇത് നോർത്ത് ഇന്ത്യയിൽ മാത്രം അണിയാനായി പ്രത്യേകം തയ്യാറാക്കിയ കുറിയാണ്. സത്യത്തിൽ ഈ കുറി അണിയുകയല്ല; വാരി നെറ്റിയിലേക്ക് തൂവുകയാണ്. കണ്ടാൽ ഇത്രയും നല്ല ‘അമ്പലവാസി’കൾ വേറെയില്ലെന്ന് തോന്നണം. ഇടയ്ക്ക് കശ്മീരി ബ്രാഹ്മണ പാരമ്പര്യവും തട്ടിവിടാം. ആയിരം സംഘപരിവാറുകാർ അണിയുന്ന അത്രയും കുങ്കുമം ഒരു കോൺഗ്രസുകാരൻ ഒറ്റയ്ക്ക് അണിഞ്ഞാൽ അത് രാഹുൽക്കുറിയായി. ഈ കുറിയ്ക്ക് ഒരു പ്രശ്നമുണ്ട്. ഇത് മായിച്ച് തെക്കോട്ട് വന്നാൽ, വടക്ക് ഉണ്ടായിരുന്ന സീറ്റ് കൂടെ പോയിക്കിട്ടും. വലിയ റിസ്കുള്ള കുറിയാണ്. നോക്കിയും കണ്ടും തൊടുക.
പ്രിയങ്കക്കുറി
യു.പി കുറി, ഇലക്ഷൻ സ്പെഷ്യൽ കുറി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഡൽഹി – ഉത്തർപ്രദേശ് ബോർഡറായ ഗാസിയാബാദ് മുതലാണ് സാധാരണയായി ഈ കുറി പ്രത്യക്ഷപ്പെടുക. പക്ഷേ കാര്യമൊന്നുമില്ല. ഒരു വശത്ത് ബി.ജെ.പിയുടെ യോഗി. മറുവശത്ത് ഭഗവാൻ ശ്രീകൃഷ്ണൻ തന്നോട് സംസാരിക്കാറുണ്ടെന്ന് പറയുന്ന അഖിലേഷ് യാദവ്. ഇതിനിടയിൽ കോൺഗ്രസിന് സ്കോർ ചെയ്യാൻ ഈ സീസണൽ കുറി പോരെന്ന് ചുരുക്കം.
കനയ്യക്കുറി
അമ്പലത്തിൽ പോകാതെ ഭൗതികവാദവും പറഞ്ഞുനടന്ന പുള്ളികൾക്ക് ഭക്തിപ്രസ്ഥാനത്തിലേക്ക് കടന്നുചെല്ലാൻ പറ്റിയ കുറിയാണ് ഇത്. ആസ്ഥാനനാസ്തികൻ കനയ്യകുമാർ ജി, ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ഗുരുവായൂരപ്പനെ കണ്ട് തൊഴുതിറങ്ങിയപ്പോൾ അണിഞ്ഞിരുന്ന കുറിയാണ് കനയ്യക്കുറി. “ഉളുപ്പുണ്ടോടോ?” എന്ന് ഭക്തരടക്കം ചോദിക്കുമെന്നതൊഴിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരു ഗ്രിപ്പ് കിട്ടാൻ ഈ കുറി ഉത്തമം. ഹിന്ദി അറിയില്ലെങ്കിലും ഹിന്ദുവാണെന്ന് അറിയിക്കാനായും ഈ കുറി തൊടാം.
വിജയകുമാർക്കുറി
പരാജയക്കുറി, തോൽവിക്കുറി, ചെങ്ങന്നൂർക്കുറി എന്നീ പേരുകളിലും ഈ കുറി അറിയപ്പെടുന്നു. 2018ലെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന ഡി.വിജയകുമാർ അണിഞ്ഞ കുറിയാണിത്. ഈ കുറി തൊട്ട് മത്സരിച്ചാൽ, എതിർപക്ഷം മൃദുഹിന്ദുത്വവാദം ആരോപിച്ച് തോൽപ്പിക്കുമെന്നത് നൂറുതരം. ഇടതുപക്ഷ പ്രവർത്തകർ ഇതിനെ തങ്ങളുടെ ‘സൗഭാഗ്യക്കുറി’യെന്നാണ് വിളിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, തോൽക്കാനായി ഒരാൾ ഈ കുറി തൊടണമെന്നില്ല. ‘മോഹമുക്തരല്ലാത്ത’ സ്വന്തം പാർട്ടിക്കാർ യഥാവിധി തോൽവി ഉറപ്പാക്കുന്നതായിരിക്കും.
സ്ഥാനക്കുറി
പദവിക്കുറി എന്നും ഇത് അറിയപ്പെടുന്നു. കെ.മുരളീധരനാണ് കഴിഞ്ഞ ദിവസം ഈ കുറി കണ്ടെത്തിയത്. നാസ്തികരും തിരഞ്ഞെടുപ്പിൽ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യാത്തവരുമായ ഇടതുപക്ഷക്കാർ, ദേവസ്വം ബോർഡ് സ്ഥാനങ്ങളിൽ എത്തിയാൽ കുറിതൊട്ട് ഭക്തിമാർഗത്തിലേക്ക് തിരിയുന്ന ഒരു പ്രവണതയുണ്ട്. ഈ കുറിയാണ് സ്ഥാനക്കുറി. അഥവാ ഒരു സ്ഥാനത്ത് എത്തുമ്പോൾ തൊടുന്ന കുറി.
ഇതാണ് കുറികളുടെ രീതിശാസ്ത്രം. കുറിയെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കുന്നു.
കോൺഗ്രസ് എസിന്റെ ഏക നേതാവും ഏക എം.എൽ.എയും ഏക അണിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വേദികളിൽ സ്ഥിരം പാടുന്ന ഒരു പാട്ടുണ്ട്.
പാവം കോൺഗ്രസുകാർ ആന്റണിയുടെ വാക്കും കേട്ട്,
“കുറി വരച്ചാലും….
കുരിശ് വരച്ചാലും….
കുമ്പിട്ട് നിസ്കരിച്ചാലും….”
വോട്ടിന്റെ കാര്യം വരുമ്പോൾ, നാട്ടുകാർക്ക് കിറ്റ് തന്നെ മുഖ്യം ബിഗിലേ….
വാൽക്കഷ്ണം: ഇ.വി.എം മെഷീനിലെ ബാലറ്റ് ബട്ടണ് നീലഭസ്മക്കുറിയുടെ ഷേപ്പ് ആണത്രേ. കോൺഗ്രസിന്റെ ഔദ്യോഗിക നിറവും നീലയാണല്ലോ. അതിനാൽ കോൺഗ്രസുകാർ വെറും കുറിയല്ല നീലഭസ്മക്കുറിതന്നെ അണിയണമെന്ന് പാർട്ടിയിലെ ചില ‘യങ് ടർക്കു’കൾ ആവശ്യപ്പെട്ടതായി ബഡായി പരക്കുന്നുണ്ട്.
Story Highlights: chandana kuri a political analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here