Advertisement

രഞ്ജി ട്രോഫി: ടി-20 ശൈലിയിൽ തകർത്തടിച്ച് രോഹനും രാഹുലും; കേരളത്തിന് ആധികാരിക ജയം

December 30, 2022
Google News 1 minute Read

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് ആധികാരിക ജയം. 126 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം വെറും 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. പൊന്നം രാഹുൽ (66 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ കുന്നുമ്മൽ 40 റൺസ് നേടി പുറത്തായി. ഛത്തീസ്ഗഡിനായി സുമിത് റുയ്കർ 2 വിക്കറ്റ് വീഴ്ത്തി.

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് കേരളം ബാറ്റ് വീശിയത്. പൊന്നം രാഹുൽ ഏകദിന ശൈലിയിലും രോഹൻ കുന്നുമ്മൽ ടി-20 ശൈലിയിലും ആക്രമണം അഴിച്ചുവിട്ടപ്പോൾ തുടക്കത്തിലേ ഛത്തീസ്ഗഡ് ബാക്ക്ഫൂട്ടിലായി. 86 റൺസാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയത്. 11ആം ഓവറിൽ രോഹൻ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 27 പന്തുകൾ നേരിട്ട് 4 ബൗണ്ടറിയും 2 സിക്സറും സഹിതം 40 റൺസാണ് രോഹൻ നേടിയത്. തുടർന്ന് സച്ചിൻ ബേബി (1), അക്ഷയ് ചന്ദ്രൻ (10) എന്നിവർ വേഗം മടങ്ങിയെങ്കിലും ഗിയർ ഷിഫ്റ്റ് ചെയ്ത പൊന്നം രാഹുൽ അതിവേഗത്തിൽ സ്കോർ ചെയ്തു. 58 പന്തുകളിൽ 5 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 66 റൺസ് നേടി പുറത്താവാതെ നിന്ന രാഹുൽ കേരളത്തെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു.

ജയത്തോടെ കേരളം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Story Highlights: ranji trophy kerala won chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here