ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ ഐ.ടി കമ്പനി ജീവനക്കാരൻ തിരയിൽപ്പെട്ട് മരിച്ചു; സംഭവം വർക്കലയിൽ

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. കാമരൂപ് നന്ദൻ നഗർ സരു മെട്രോ ഹൗസ് നമ്പർ 11ൽ അരൂപ് ഡെ (33) ആണ് തിരയിൽപ്പെട്ട് മരിച്ചത്. അരൂപ് ഡെയും ഭാര്യ സൗപർണ്ണയും സുഹൃത്തുക്കളും അടങ്ങിയ 11 അംഗ സംഘമായാണ് 30ന് എത്തിയത്. ഇവർ ഓടയം ബീച്ചിലെ മിറക്കിൾ ബെ റിസോർട്ടിലാണ് താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് ഭാര്യയുടെ കൺമുന്നിൽ വെച്ച് തിരയിലകപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു.
യുവാവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസ്ത്മ രോഗി കൂടിയായിരുന്നു. അരൂപ് ഡെ ഉൾപ്പെടെ ഉള്ളവർ ബാംഗ്ലൂരിലെ ഐ.ടി കമ്പനി ജീവനക്കാരാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: New Year celebration IT company employee drownes to death varkala