സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഇന്ന്

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ഇന്ന്. വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ തീരുമാനം സർക്കാരിനെ അറിയിക്കും. ഗവർണറുടെ നിലപാട് അനുകൂലമാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ( saji cheriyan swearing in governor decides today )
സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഗവർണർക്ക് കഴിഞ്ഞദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കണമെന്നും സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവർണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തിൽ പറയുന്നു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയോട് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശമുണ്ടെങ്കിലും ഗവർണർ ഇതിന് മുതിരില്ലെന്നാണ് സർക്കാർ കരുതുന്നത്. നിയമോപദേശം അനുസരിച്ച് സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവർണർ പച്ചക്കൊടി കാട്ടിയേക്കും.
ഇന്ന് വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ നിയമോപദേശം പരിശോധിക്കും. ഇതിന് ശേഷം തീരുമാനം സർക്കാരിനെ അറിയിക്കും. ഗവർണറുടെ തീരുമാനം അനുകൂലമായാൽ മറ്റന്നാൾ രാജ്ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടനയെ അവഹേളിച്ചതിൻറെ പേരിലുള്ള കേസ് അവസാനിപ്പിക്കാൻ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാർമികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Story Highlights: saji cheriyan swearing in governor decides today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here