ആദ്യ ഓവറിൽ ഹാട്രിക്ക്; 3 ഓവറിൽ 6 വിക്കറ്റ്: രഞ്ജിയിൽ ഡൽഹിക്കെതിരെ റെക്കോർഡ് പിഴുത് ഉനദ്കട്ട്

രഞ്ജി ട്രോഫിയിൽ റെക്കോർഡിട്ട് സൗരാഷ്ട്ര നായകൻ ജയദേവ് ഉനദ്കട്ട്. എലീറ്റ് ഗ്രൂപ്പ് സിയിൽ ഡൽഹിക്കെതിരെ ആദ്യ ഓവറിൽ ഹാട്രിക്ക് നേടിയ താരം തൻ്റെ ആദ്യ മൂന്നോവറിൽ 6 വിക്കറ്റ് വീഴ്ത്തി. 7 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ഡൽഹിയെ പിന്നീട് വാലറ്റമാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്. നിലവിൽ ഡൽഹി 100 റൺസ് കടന്നിട്ടുണ്ട്. (jaydev unadkat record ranji)
Read Also: രഞ്ജി ട്രോഫി: ടി-20 ശൈലിയിൽ തകർത്തടിച്ച് രോഹനും രാഹുലും; കേരളത്തിന് ആധികാരിക ജയം
ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ധ്രുവ് ഷോറെയെ (0) പുറത്താക്കിയാണ് ഉനദ്കട്ട് റെക്കോർഡ് നേട്ടം ആരംഭിച്ചത്. തൊട്ടടുത്ത പന്തുകളിൽ വൈഭവ് റാവൽ, ക്യാപ്റ്റൻ യാഷ് ധുൽ എന്നിവരെയും റൺസ് എടുക്കും മുൻപ് മടക്കിയ ഉനദ്കട്ട് രഞ്ജി ട്രോഫിയുടെ ആദ്യ ഓവറിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും കുറിച്ചു. തൻ്റെ രണ്ടാം ഓവറിലെ നാലാം പന്തിൽ ജോണ്ടി സിന്ധുവിനെയും (4) അവസാന പന്തിൽ ലളിത് യാദവിനെയും (0) മടക്കി അയച്ച ഉനദ്കട്ട് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. തൻ്റെ മൂന്നാം ഓവറിലെ അവസാന പന്തിൽ ലക്ഷയ്‌യെയും (1) പുറത്താക്കിയ ഉനദ്കട്ട് ആറ് വിക്കറ്റും തികച്ചു. ഇതിനിടെ ആയുഷ് ബദോനിയെ (4) ചിരാഗ് ജാനിയും പുറത്താക്കി.
Read Also: രഞ്ജി ട്രോഫി: വീണ്ടും തിളങ്ങി സക്സേന; ഛത്തീസ്ഗഡിനെതിരെ കേരളത്തിന് 126 റൺസ് വിജയലക്ഷ്യം
എട്ടാം വിക്കറ്റിൽ പ്രൻഷു വിജയ്‌രൻ്റെയും (15) ഋതിക് ഷൊകീൻ്റെയും ചെറുത്തുനില്പാണ് വമ്പൻ തകർച്ചയിൽ നിന്ന് ഡൽഹിയെ രക്ഷിച്ചത്. 43 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിനു ശേഷം പ്രൻഷു മടങ്ങി. എന്നാൽ, 9ആം വിക്കറ്റിൽ ശിവങ്ക് വശിഷ്ഠിനെ കൂട്ടുപിടിച്ച ഷൊകീൻ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 55 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഇതിനിടെ ഷൊകീൻ തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ഫിഫ്റ്റി തികച്ചു. 7 ബൗണ്ടറികളും മൂന്ന് സിക്സറും പറത്തിയ ഷൊകീൻ ഏകദിന ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഷൊകീനും (57) വശിഷ്ഠും (24) ക്രീസിൽ തുടരുകയാണ്.
Story Highlights: jaydev unadkat record ranji trophy delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here