യു.ഡി.എഫ് കൗൺസിലർമാരെ അപമാനിച്ചെന്ന പരാതി; ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരം കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ അപമാനിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെതിരെയുള്ള അന്വേഷണം മ്യൂസിയം പൊലീസ് അവസാനിപ്പിച്ചു. പരാതിയിലുള്ള കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ( kerala Police investigation against Deputy Mayor pk Raju ) .
കഴിഞ്ഞ നവംബർ 25ന് കത്ത് വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെ ഡെപ്യൂട്ടി മേയർ നഗരസഭയ്‌ക്ക് അകത്തുവച്ച് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് കൗൺസിലർമാർ പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർ മ്യൂസിയം പൊലീസിന് ഈ പരാതി കൈമാറുകയായിരുന്നു. സംഭവ ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലും ദൃക്സാക്ഷികളുടെ മൊഴിയിലും ഡെപ്യൂട്ടി മേയർ വനിതാ കൗൺസിലർമാരെയടക്കം അപമാനിച്ചത് പൊലീസിന് കണ്ടെത്താനായിരുന്നില്ല.
കള്ളക്കേസ് കെട്ടിച്ചമച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് പി.കെ.രാജു മാനനഷ്ട കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷവും പരാതിയുടെ അടിസ്ഥാനത്തിലുള്ള തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Story Highlights: kerala Police investigation against Deputy Mayor pk Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here