Advertisement

രാഷ്ട്രീയക്കാർക്ക് 2023 എങ്ങനെ ? സമ്പൂർണ്ണ ഫലം | രാഷ്ട്രീയ കൗതുകം – 10

January 5, 2023
Google News 3 minutes Read
the political horoscope of politicians

ശ്രദ്ധിക്കുക….
ഗ്രഹനിലയ്ക്ക് പകരം കേരളത്തിലെ രാഷ്ട്രീയക്കാരുടെ ‘ആ’ഗ്രഹനിലയും ‘അത്യാ’ഗ്രഹനിലയും പരിഗണിച്ചാണ് ഈ വാർഷിക ഫലം തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ ഫലം തെറ്റിയാൽ ജ്യോതിഷത്തെ അവിശ്വസിക്കരുത്. രാഷ്ട്രീയക്കാരെ വിശ്വസിച്ചതുകൊണ്ട് പറ്റിയ പിഴവായിക്കണ്ട് സദയം ക്ഷമിക്കുക.

രണ്ട് മന്ത്രിമാർ രാജി വെയ്ക്കും!

ഇടതുമുന്നണിയ്ക്ക് ബഫർസോൺ, സിൽവർ ലൈൻ എന്നിവയുടെ അപഹാരം കാര്യമായി ഉണ്ടായില്ലെങ്കിൽപ്പോലും മിനിമം രണ്ട് മന്ത്രിമാരുടെ രാജി ഉറപ്പാണ്. അത് 2023 നവംബറിലായിരിക്കുമെന്നാണ് എൽ.ഡി.എഫിന്റെ ഓലയിൽ കാണുന്നത്. അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ രാജി വെയ്ക്കുവാനുള്ള സാദ്ധ്യത കാണുന്നു. ആന്റണി രാജുവിന് പകരം കെ.ബി.ഗണേഷ്കുമാറും അഹമ്മദ് ദേവർകോവിലിന്റെ സ്ഥാനത്ത് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് രാഷ്ട്രീയ ജ്യോതിഷത്തിൽ തെളിയുന്നത്.

ആന്റണി രാജുവിനുള്ള പരിഹാര ക്രിയ

പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസുമായി ലയിക്കാനാകുമോ എന്ന് നോക്കാം. അതോടെ ആന്റണി രാജുവിന്റെ കക്ഷിയിൽ എം.എൽ.എമാർ മൂന്നാകും. അതുമാത്രമാണ് അനിവാര്യ രാജി ഒഴിവാക്കാനുള്ള വഴി. മാത്രമല്ല, അങ്ങനെ എൽ.ഡി.എഫിനെ ഫ്രീയായി സെഞ്ച്വറി അടിക്കാൻ സഹായിച്ചതിന് പാർട്ടിക്ക് 2024ൽ, ഇടുക്കി മേഖലയിൽ ഒരു ലോക്സഭ സീറ്റിനും സാദ്ധ്യത.

അഹമ്മദ് ദേവർകോവിൽ എന്തുചെയ്യും?

പാർട്ടി വിപ്പ് ബാധകമല്ലാത്ത ഇടത് സ്വതന്ത്രരെ ഒപ്പം കൂട്ടി ഐ.എൻ.എല്ലിന്റെ അംഗബലം വർദ്ധിപ്പിക്കാൻ യാതൊരു സാദ്ധ്യതയും കാണുന്നില്ല. അതിനാൽ, കിട്ടിയ രണ്ടരവർഷം സമ്പുഷ്ടമാക്കി നവംബറിൽ രാജിവെയ്ക്കുക.

ഗണേഷ്കുമാർ മന്ത്രിയാകുമോ?

ശശി തരൂർ പെരുന്നയിൽ പറഞ്ഞ ‘നായർ കോംപ്ലക്സി’ന്റെ അപഹാരം ഇക്കൊല്ലവും ഗണേഷ്കുമാറിനെ വിട്ടോഴിയാൻ ഇടയില്ല. പട പാളയത്തിൽത്തന്നെയാണ്. പാർട്ടി പിളർന്നതായി പ്രഖ്യാപിച്ച് സ്വന്തം സഹോദരി രംഗത്തുവന്നിരുന്നു. താൻ മാത്രമുള്ള പാർട്ടി എങ്ങനെ പിളരുമെന്ന ഗണേഷിന്റെ വാദം ഇടതുമുന്നണി അംഗീകരിച്ചാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. മുന്നണി ഇടതായതതിനാൽ പെരുന്നവഴിക്കുള്ള ശുപാർശ അത്ര ഏശില്ലെന്നാണ് പ്രശ്നത്തിൽ തെളിയുന്നത്.

കടന്നപ്പള്ളി മന്ത്രിയായാൽ?…

കടന്നപ്പള്ളിയും സ്റ്റാഫും “കുറി വരച്ചാലും” എന്ന ഗാനവും ചേരുന്ന സംഘം, ഇടതുമുന്നണിക്ക് യാതൊരു ദോഷവുമുണ്ടാക്കില്ല എന്നൊരു ഗുണം കാണുന്നു. ഒപ്പം, മറ്റൊരു ഗുണവും ഉണ്ടാക്കില്ല എന്ന ദോഷവും കാണുന്നു.

സി.പി.ഐ.എമ്മിന് ഇക്കൊല്ലം?

സംഭവബഹുലമായിരിക്കും. ഗ്രഹനില നോക്കിയാൽ ഒരു വശത്ത് ഗവർണർ. മറുവശത്ത് ജയരാജന്മാർ. അതുംപോരാതെ ബഫർസോണും സിൽവർലൈനും. വിഴിഞ്ഞം സമരം അവസാനിച്ചതും സജി ചെറിയാന് ശ്രുകൻ ഉദിച്ചതും ആശ്വാസകരം. സുപ്രധാന തെരഞ്ഞെടുപ്പുകളൊന്നും ഇക്കൊല്ലം ഇല്ലാത്തതിനാൽ സോഷ്യൽ എൻജിനീയറിംഗിന്റെ ഗാരേജ് ഒരു കൊല്ലത്തേക്ക് സി.പി.ഐ.എം അടച്ചിടാനാണ് സാദ്ധ്യത. പാർട്ടിക്കുള്ളിൽ ചില സ്വച്ഛ് ഭാരത് ശുചീകരണ നടപടികൾക്ക് ഗോവിന്ദൻ മാസ്റ്റർ മടിക്കില്ല. ഒപ്പം, ‘ലീഗ് ആകർഷണ യന്ത്രം’ ഇടതുകയ്യിൽ കെട്ടിയാൽ 2024ൽ ഫലം ഉണ്ടാകുമെന്നാണ് പ്രശ്നത്തിൽ തെളിയുന്നത്.

കുറി തൊടും കോൺഗ്രസ്

ഇക്കൊല്ലം കോൺഗ്രസ് ‘ജോസ് ആകർഷണ യന്ത്രം’ കെട്ടിയേക്കും. ശശി തരൂരിനെ ഒതുക്കുക എന്ന പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ, ഗ്രൂപ്പുകൾ ഒരുമിക്കാനും സാദ്ധ്യത. സെമി കേഡറും സേമിയ കേഡറും ക്ലച്ച് പിടിക്കാത്ത സാഹചര്യത്തിൽ സെമി ഹിന്ദുത്വയുടെ കുറി കേഡറിനെ സൃഷ്ടിക്കാനും സാദ്ധ്യത. അതിനിടയിൽ ലീഗിനെ ലാളിച്ചില്ലെങ്കിൽ ലാഗാകും മുന്നണി ബന്ധമെന്നും തെളിയുന്നു.

ബി.ജെ.പി (സെക്കുലർ)

കുറിതൊടൽ മുതൽ കുറുവടിവരെയുള്ള സകല അടവുകളുമായി കോൺഗ്രസ് ഇറങ്ങിയേക്കാൻ ഇടയുള്ളതിനാൽ ബി.ജെ.പി, പ്ലാൻ മാറ്റുന്നത് ഉത്തമം. വല്ല നെഹ്റുവിയൻ സോഷ്യലിസമാ സെക്കുലറിസമോ പരീക്ഷിച്ചാൽ പതിയെ റിസൽറ്റ് ഉണ്ടായേക്കാം. പെട്ടെന്ന് സെക്കുലറിസം പറയുമ്പോൾ ആദ്യം ഇത്തിരി ബുദ്ധിമുട്ട് തോന്നും; ക്രമേണ ശീലമാകും. എല്ലാ തന്ത്രങ്ങളും, ഇക്കൊല്ലം വരുന്ന പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ആശ്രയിച്ചിരിക്കും.

‘ട്വന്റി 20’ എന്ത് ചെയ്യും?

ആം ആദ്മിയുമായുള്ള സഖ്യത്തിനപ്പുറത്ത് ട്വന്റി 20 ഇക്കൊല്ലം ചിലത് ചെയ്യാനിടയുണ്ട്. പാർട്ടിയുടെ ആദ്യ ചിഹ്നമായ മാമ്പഴം ഒരു പി.എം.കെ സ്ഥാനാർഥി അടിച്ചെടുത്തതും, ഗത്യന്തരമില്ലാതെ ട്വന്റി 20, കൈതച്ചക്ക ചിഹ്നമായി സ്വീകരിച്ചതും മുൻപ് ചർച്ചയായിരുന്നു. കൈതച്ചക്ക ത്രിപുരയിലെ ടിപ്ര പാർട്ടിയുടെ ചിഹ്നമാണ്. അവർക്ക് എങ്ങാനും സംസ്ഥാനകക്ഷി എന്ന പദവി കിട്ടിയാൽ ട്വന്റി 20യുടെ ‘കൈതച്ചക്ക’യുടെ കാര്യം അപകടത്തിലാകും. അതിനാൽ, തെലങ്കാനയിലെ റാവു സർക്കാരുമായി 2400 കോടിയുടെ നിക്ഷേപ ധാരണയുള്ള കിറ്റെക്സ്, തങ്ങളുടെ പ്രസ്ഥാനത്തെ റാവുവിന്റെ ബി.ആർ.എസുമായി ലയിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. ട്വന്റി 20ക്ക്, ഒരു സംസ്ഥാനകക്ഷിയുടെ പരിരക്ഷയും, ബി.ആർ.എസിന് കേരള ഘടകവും ലഭിക്കുന്ന ഈ ഡീൽ എന്തുകൊണ്ടും സാധ്യതയുള്ളതാണ്.

കേരള കോൺഗ്രസ് X, Y,Z

ക്രിസ്മസിന് പാർട്ടി ചെയർമാൻ എല്ലുകറീം കപ്പേം ഉണ്ടാക്കിയിട്ട്, തങ്ങളെ കഴിക്കാൻ വിളിച്ചില്ല എന്ന ആ(മാ)ശയപരമായ പ്രശ്നത്തിൽ തട്ടി, കേരള കോൺഗ്രസ് വീണ്ടും പിളരാൻ ഇടയുണ്ട്. സേവ്യർ കുമ്പളവള്ളി, യോഹന്നാൻ കപ്പമൂട്ടിൽ, സക്കറിയ പുളിഞ്ചുവട്ടിൽ എന്നീ നേതാക്കൾ വെവ്വേറെ പാർട്ടിയുണ്ടാക്കാനും സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ കേരള കോൺഗ്രസ് എക്സ്, വൈ, സെഡ് എന്നിവ ഇക്കൊല്ലം പിറക്കും.

ലീഗിന്റെ നിലപാട്

2023ൽ ലീഗ് നിലപാട് മാറ്റും. യു.ഡി.എഫിൽ എല്ലാകാര്യങ്ങളിലും കോൺഗ്രസിന് തീരുമാനമെടുക്കാനുള്ള അവകാശം ലീഗ് അനുവദിച്ച് നൽകും. പക്ഷേ, കോൺഗ്രസ് എന്ത് തീരുമാനിക്കണമെന്ന് ലീഗ് തീരുമാനിക്കും. പരിവാർ പക്ഷം തറവാടിയെന്നും, ഇടത് പക്ഷം മതേതരകക്ഷിയെന്നും വിളിച്ച് ലീഗിനെ ‘ട്യൂൺ ചെയ്യാൻ നടത്തിയ ശ്രമം ഇക്കൊല്ലവും വർക്ക്ഔട്ട് ആകാനിടയില്ല. ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന കോൺഗ്രസിനെ അനുസരിപ്പിക്കുന്നതിന്റെ സന്തോഷത്തിൽ 2024വരെ ലീഗ് മുന്നോട്ടുപോകും.

കൊച്ചേട്ടന്റെ മനസ്സ്

2023ലും വല്യേട്ടന് കട്ട സപ്പോർട്ട് എന്ന അജണ്ട കാനവും കൂട്ടരും നടപ്പാക്കും. എങ്ങാനും ലീഗിനെ ഇടതുമുന്നണിയിൽ സി.പി.ഐ.എം വിളിച്ചുകയറ്റിയാൽ, കൊച്ചേട്ടന്റെ സ്വഭാവം മാറാനും സാധ്യത. അങ്ങനെ സംഭവിച്ചാൽ അച്യുതമേനോൻ സർക്കാരിന്റെ സമവാക്യം സി.പി.ഐയും കോൺഗ്രസും ഓർത്തെടുക്കാനിടയുണ്ട്.

‘നല്ലവരായ ഉണ്ണി’പ്പാർട്ടികൾ

സി.എം.പി, എൻ.സി.കെ, ജേക്കബ് ഗ്രൂപ്പ്, ജനാധിപത്യ കേരള കോൺഗ്രസ്, ജെ.എസ്.എസ് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ, 2023ലും നല്ല ഐക്യം ഉണ്ടായിരിക്കും. തമ്മിലടിക്കണമെങ്കിൽ ഈ പാർട്ടികളിലെ ഏകാംഗനേതാക്കന്മാർ സ്വന്തം കൈകൾ കൂട്ടിയടിക്കണം. അല്ലെങ്കിൽ സ്വന്തം നിഴലുമായി ഗുസ്തികൂടണം. വേറെ വഴിയില്ല.

ശ്രമിച്ചാൽ മന്ത്രിയാകാം!

കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ഇക്കൊല്ലം മന്ത്രിയാകാൻ നേരിയ സാദ്ധ്യത. അതിനുപക്ഷേ, അദ്ദേഹംതന്നെ വിചാരിക്കണം. നവംബറിൽ മന്ത്രിസഭാ പുന:സംഘടന നടക്കുന്ന വേളയിൽ ബോംബെവരെ ഒന്ന് പോയിവന്നാൽ കാര്യം നടന്നേക്കും. ഡൽഹിയിൽ തിരുതയെങ്കിൽ, ബോംബെയിൽ കുട്ടനാടൻ കരിമീൻ ഉദ്ദിഷ്ടകാര്യത്തിന് ഉത്തമം.

മാത്യു എന്ന മന്ത്രി

മുൻധാരണ നടപ്പാക്കാൻ ജനതാദൾ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ തീരുമാനിച്ചാൽ, നവംബറിൽ മാത്യു ടി.തോമസ് മന്ത്രിയാകും. ഇക്കൊല്ലം, ജെ.ഡി.എസ് – എൽ.ജെ.ഡി ലയനം സംഭവിച്ചാൽ മാത്യു ടിയ്ക്ക് വെച്ചത് കെ.പി.മോഹനന് കിട്ടിയെന്നും വരാം.

കാപ്പനും കുഞ്ഞുമോനും

രണ്ടാളും 2023ൽ എന്തു ചെയ്യുമെന്നത് മഷിയിട്ടിട്ടും തെളിയുന്നില്ല. മാണി സി.കാപ്പനും കോവൂർ കുഞ്ഞുമോനും എന്തും ചെയ്യാം. ഒപ്പും വിപ്പും ഒന്നും ബാധകമല്ല. കുഞ്ഞുമോന് മന്ത്രിയാകാത്തതിന്റെ വൈക്ലബ്യം. കാപ്പന് ഇപ്പോഴും താങ്ങായി പവാർ. രാഷ്ട്രീയമല്ലേ എന്തും പ്രതീക്ഷിക്കാം.

ജോസേട്ടൻ എന്ന ഹീറോ

ലോക്സഭ സീറ്റ് രാജിവെച്ച് രാജ്യസഭാംഗമാക്കുക. അത് രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് തോൽക്കുക. വീണ്ടും രാജ്യസഭയിലെത്തുക. ഇതൊക്കെ കരിങ്ങോഴയ്ക്കൽ ജോസേട്ടന് മാത്രം പറ്റുന്ന കാര്യം. 2024ൽ ജോസ് കെ.മാണിയുടെ രാജ്യസഭാ ടേം തീരും. അതിനാൽ ഇക്കൊല്ലംതന്നെ അടുത്ത അക്കോമഡേഷന്റെ കാര്യത്തിൽ ഇടത് തീരുമാനം വന്നേക്കാം.
അത് ചിലപ്പോൾ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വാർഡ് മുതൽ കോട്ടയം ലോക്സഭാ സീറ്റ് വരെ എന്തുമാകാം. കാപ്പനെ രാജിവെച്ചിപ്പ് ഇടതിലെത്തിച്ച്, ജോസിനു പകരം രാജ്യസഭയിലേക്കു വിട്ട്, പകരം പാലായിൽ ജോസ് ഇടതിനായി മത്സരിക്കുന്ന സാദ്ധ്യത ഇക്കൊല്ലം വിരളം. പക്ഷേ, രാമനെ കാത്തിരുന്ന ഭരതനെ പോലെ മന്ത്രി റോഷി അഗസ്റ്റിൻ ഇക്കൊല്ലവും കാത്തിരിക്കും. പാലാ രാമപുരം വഴി ജോസേട്ടൻ ജയിച്ചു വരാൻ. വന്നിട്ട് തന്റെ മന്ത്രിസ്ഥാനം ആ പാദാരവിന്ദങ്ങളിൽ സമർപ്പിക്കാൻ.

ശത്രുക്കളില്ലാതെ കെ.മുരളീധരൻ

ലോക്സഭയിലേക്ക് മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചതോടെ കെ.മുരളീധരന്റെ രാഷ്ട്രീയ ശത്രുക്കൾ 2023ൽ മിത്രങ്ങളായി മാറും. വടകര സീറ്റ് മോഹിക്കുന്ന കോൺഗ്രസുകാരുടെ പ്രാർത്ഥന മുരളീധരന് സംഘടനാതലത്തിൽ തുണയായിരിക്കും.

വാൽക്കഷ്ണം:
രാശിയില്ലാത്ത മൻമോഹൻ ബംഗ്ലാവിലാണ് മന്ത്രി ആന്റണി രാജുവിന്റെ താമസം. പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് മന്ത്രി പി.പ്രസാദും. രണ്ടുപേരും 2023ലും അന്ധവിശ്വാസത്തെ പൊളിച്ചടുക്കി മുന്നേറുമെന്ന് പ്രതീക്ഷിക്കാം. അഥവാ വല്ല വിവാദത്തിലും പെട്ടാൽ മൻമോഹൻ ബംഗ്ലാവിലും പതിമൂന്നാം നമ്പറിലും പഴി ചാരുകയുമാവാം.

Story Highlights: the political horoscope of politicians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here