Advertisement

കാട്ടാനശല്യം; പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നത് ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം

January 6, 2023
Google News 2 minutes Read
Wildlife nuisance Meeting today AK Saseendran

പാലക്കാട് ജില്ലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി എകെ ശശീന്ദ്രൻറെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് യോഗം ചേരുക. ധോണി വനമേഖലയിൽ ആക്രമണം തുടരുന്ന പിടി സെവൻ എന്ന കൊമ്പനെ പിടികൂടുന്നതാണ് യോഗത്തിലെ പ്രധാന ചർച്ച. ( Wildlife nuisance Meeting today AK Saseendran ).

ധോണിയിൽ മെരുക്കാനുള്ള കൂടൊരുങ്ങുന്നതോടെ ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. ഇതിനായി വയനാട്ടിൽ നിന്നുള്ള സംഘം പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വനംവകുപ്പ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനെത്തുന്നുണ്ട്.

അതേസമയം, വയനാട് സുൽത്താൻ ബത്തേരി ടൗണിൽ ഇറങ്ങിയ പിഎം 2 കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ തുരത്താൻ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സുൽത്താൻ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി. പുലർച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.

റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തിയിരുന്നു. ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്.

ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്ന കാട്ടാന 50 ലധികം വീടുകളും തകർത്തിരുന്നു. പാലക്കാട് പിടി 7 നെ പിടികൂടാൻ പോയ ദൗത്യ സംഘത്തിലെ 12 പേരെ വയനാട്ടിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബത്തേരിയിൽ എത്തുക.

Story Highlights: Wildlife nuisance Meeting today AK Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here