‘ഭൂമി’യിലെ നാടകം കാണാൻ ഗൂഗിൾ മീറ്റിൽ കയറിയിരുന്ന ഒരു സ്കൂൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാള നാടകമായ ‘അസൂയക്കാരന്റെ കണ്ണ്’ തളി സ്കൂളിൽ ഒരുക്കിയിട്ടുള്ള രണ്ടാം വേദി ‘ഭൂമി’യിൽ അരങ്ങിലെത്തുമ്പോൾ പത്തനംതിട്ട മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഗൂഗിൾ മീറ്റിലാണ്. വേദിയുടെ മുൻപിൽ മുട്ടിൽ നിന്ന് സ്കൂളിലെ മലയാളം അധ്യാപകൻ ജോൺ മാഷ് നാടകത്തിന്റെ ദൃശ്യം പകർത്തുന്നത് കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ നാടക ഗ്രൂപ്പായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ സന്തോഷവും അതിരില്ലാത്തതാണ്.
ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളാണ് പത്തനംതിട്ട മോഡൽ റസിഡൻഷ്യൽ സ്കൂൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അവരുടെ അധ്യാപകരും ഒരു കുടുംബം പോലെ അവിടെ താമസിക്കുന്നുണ്ട്. കലോത്സവ വേദിയിലെ കൂട്ടുകാരുടെ പ്രകടനം കണ്ട് കുരുന്നുകൾ നിറമനസോടെ അവരുടെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് അവിടെ. കുട്ടികളുടെ ആവേശവും സർക്കാറിന്റെ ചെറിയ സഹായവും ബിജു മാഞ്ഞാഴിയുടെ പരിശീലനവും കൂടിയായപ്പോൾ ഒരു ആർഭാടവും ഇല്ലാതെ തന്നെ രണ്ടാം വേദി ‘ഭൂമി’യിൽ തകർത്തഭിനയിച്ച് അവർ മടങ്ങുകയാണ്, രക്ഷിതാക്കളായി അവരോടൊപ്പമുണ്ടായിരുന്ന ജോൺ മാഷിനും മുരളീധരൻ മാഷിനുമൊപ്പം.
Story Highlights: drama kalolsavam google meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here