ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കണം; സഹായം തേടി പതിനഞ്ചുകാരി

ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനായി സഹായം തേടുകയാണ് ഇടുക്കി കട്ടപ്പനയിലെ പതിനഞ്ചുകാരി നേഹ റോസ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നേഹയ്ക്ക് ഇനിയും ദാതാവിന് ലഭിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിച്ചെങ്കിലും യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിന് ഓരോ ദിവസവും രണ്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.
ഹൃദയ പേശികൾക്ക് ബലക്ഷയം ഉണ്ടാകുന്ന ഡിലീറ്റഡ് കാർഡിയോ മയോപ്പതിയാണ് നേഹയുടെ അസുഖം. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി ക്രമേണ കുറഞ്ഞുവെന്ന് ഗുരുതരമാകുന്ന അവസ്ഥ. ചികിത്സ തുടരുന്നതിനിടെ ശ്വാസകോശത്തിലും തകരാർ കണ്ടെത്തി. രണ്ട് അവയവങ്ങളും മാറ്റിവയ്ക്കുക മാത്രമാണ് നേഹയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏകമാർഗം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം ഇതുവരെ ചിലവായത് മുപ്പത്തിയഞ്ചു ലക്ഷത്തോളം രൂപയാണ്. ഓപ്പറേഷനുള്ള തുക സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ സാധിച്ചു. അവയവദാതാവിന് ലഭിക്കാത്തത് സ്ഥിതി വഷളാക്കി.
ഹൃദയത്തിൽ നിന്ന് രക്തം പുറത്തെടുത്ത് യന്ത്ര സഹായത്തോടെ ഓക്സിജൻ കലർത്തി നൽകുന്ന ചികിത്സാ രീതിയിലൂടെയാണ് ഇപ്പോൾ നേഹയുടെ ജീവൻ നിലനിർത്തുന്നത്. ഇതിന് ഒരു ദിവസം രണ്ട് ലക്ഷത്തോളം ആണ് ചിലവ്. ഓട്ടോറിക്ഷ തൊഴിലാളി തോമസ് ഉള്ളതെല്ലാം വിറ്റാണ് നേഹയുടെ ചികിത്സയ്ക്കായുള്ള തുക ഇതുവരെ കണ്ടെത്തിയത്. പക്ഷേ, ഇനിയും വേണം ലക്ഷങ്ങൾ. പഠനത്തിൽ മിടുക്കിയായ നേഹയ്ക്ക് ഇനിയും പഠിക്കണം. അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. പ്രിയപ്പെട്ട പ്രേക്ഷകർക്ക് മുമ്പിൽ വയ്ക്കുകയാണ് നേഹ എന്ന മിടുക്കിയുടെ ജീവൻ.
Story Highlights: heart lungs transplant 15 years old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here