Advertisement

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് ഇന്ന് കടുകട്ടി; നേരിടുന്നത് സീസണിൽ തോൽവി അറിയാത്ത മുംബൈ സിറ്റിയെ

January 8, 2023
Google News 2 minutes Read
kerala blasters mumbai city

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കടുത്ത പരീക്ഷണം. സീസണിൽ ഇതുവരെ തോൽവി അറിയാത്ത മുംബൈ സിറ്റി എഫ്സിയെ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുക. വൈകുന്നേരം ഏഴിന് മുംബൈയുടെ തട്ടകമായ മുംബൈ ഫുട്ബോൾ അരീനയിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ മുംബൈ രണ്ടാമതും ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. (kerala blasters mumbai city)

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഡിഫൻസാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രശ്നം. അത് ചെറിയ പ്രശ്നമല്ല താനും. 22 ഗോളുകൾ അടിച്ചെങ്കിലും 15 ഗോളുകൾ ബ്ലാസ്റ്റേഴ്സ് വങ്ങി. ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിംഗ്, ലാലിൻസുവാല ചാങ്ങ്തെ, ബ്ലാസ്റ്റേഴ്സിൻ്റെ പഴയ പടക്കുതിര പെരേര ഡിയാസ് എന്നിവരൊക്കെ അണിനിരക്കുന്ന മുംബൈ ആക്രമണ നിരയ്ക്ക് മുന്നിൽ ദുർബലമായ പ്രതിരോധവുമായെത്തിയാൽ തല്ലുവാങ്ങി പോരേണ്ടിവരും. 36 ഗോളുകളാണ് സീസണിൽ മുംബൈ സിറ്റി അടിച്ചുകൂട്ടിയത്. ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ ടീം.

ആദ്യ പാദത്തിൽ മുംബൈക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ അവസാന പരാജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് വീണ ബ്ലാസ്റ്റേഴ്സ് പിന്നെ പരാജയമറിഞ്ഞിട്ടില്ല. വീണ്ടും മുംബൈക്ക് മുന്നിലെത്തുമ്പോൾ പരാജയം ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിക്കേണ്ടിവരും. സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായ ഇവാൻ കലിയുഷ്ണി ഇല്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിൽ പകരം ആദ്യ ഇലവനിലെത്തിയ അപ്പോസ്തലോസ് ജിയാന്നു മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡിയമൻ്റകോസുമായി ചേർന്ന് നടത്തിയ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിന് ഏറെ ആത്‌മവിശ്വാസം നൽകും. എന്നാൽ, ബോക്സ് ടു ബോക്സ് റോളിൽ കൃത്യമായി ഫിറ്റായ, പ്രതിരോധവും ആക്രമണവും ഒരുപോലെ നടത്തുന്ന കലിയുഷ്ണിയെ മാറ്റിനിർത്തി മുംബൈക്കെതിരെ ഇറങ്ങുകയെന്നത് ചിന്തിക്കാൻ പോലും ആവില്ല. ലൂണ, ലെസ്കോവിച് എന്നീ വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്സിൻ്റെ സുപ്രധാന താരങ്ങളായി തുടരുമ്പോൾ വുകുമാനോവിച് എങ്ങനെ ടീമിനെ ഇറക്കുമെന്നത് കണ്ടറിയണം.

Read Also: സുന്ദരം, മനോഹരം ബ്ലാസ്റ്റേഴ്സ്; ഇന്നലെ കൊച്ചിയിൽ പിറന്നത് ഐഎസ്എലിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന്

90 മിനിട്ടും ഒരേ പേസിൽ കളിക്കുന്ന മുംബൈ സിറ്റി തീർച്ചയായും ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളി ഉയർത്തും. ഒരു സമനിലയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. അത് പരിശീലകനും നന്നായറിയാം. ബിപിൻ സിംഗിനെയും ഗ്രെഗ് സ്റ്റുവർട്ടിനെയും തടഞ്ഞുനിർത്തിയാൽ ഒരുപക്ഷേ, അത് വിജയം കണ്ടേക്കാം.

Story Highlights: isl kerala blasters mumbai city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here